മഹാബലിപുരം ഉച്ചകോടി മോദി എത്തി ; ഷി ജിന്‍പിങ്ങ് എത്തുന്നതില്‍ പ്രതിഷേധിച്ചു ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍

തമിഴ് നാട്ടിലെ മഹാബലിപുരത്ത് നടക്കാനിരിക്കുന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രേമലത വിജയ്കാന്ത്, ഡോ. കൃഷ്ണസ്വാമി തുടങ്ങി എന്‍ഡിഎ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ മഹാബലിപുരം ഉച്ചകോടിക്ക് കഴിയുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വാഗതം ചെയ്ത് തമിഴിലും ചൈനീസിലും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ തമിഴ്നാട് വരവേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ് ഇന്ന് ഉച്ചക്ക് 2.10-ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍ റോഡിന് ഇരുവശത്തും ഇന്ത്യയുടെയും ചൈനയുടെയും പതാകയേന്തിയ വിദ്യാര്‍ത്ഥികളും തമിഴ് വാദ്യമേളങ്ങളും സ്വാഗതമേകും.

പ്രതിരോധവും അതിര്‍ത്തി സുരക്ഷയും പ്രധാന ചര്‍ച്ചയായേക്കാവുന്ന കൂടിക്കാഴ്ച നാളെയാണ് നടക്കുക. ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായി ചൈനയെടുത്ത നിലപാടും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

സൗഹൃദ സംഭാഷണത്തിന് ശേഷം ഇരുനേതാക്കളും മഹാബലിപുരത്തെ പൈതൃക സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് തെന്‍സില്‍ സുനന്ത്യു അടക്കം 42 ടിബറ്റന്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്. അര്‍ദ്ധ സൈനിക വിഭാഗത്തിന് പുറമേ 500- ലധികം പൊലീസുകാരെയാണ് മഹാബലിപുരത്ത് വിന്യസിച്ചിരിക്കുന്നത്.

അതേസമയം, ചൈനീസ് പ്രസിഡന്റ് എത്തുന്ന ചെന്നൈയിലെ ഹോട്ടലിന് മുന്നില്‍ ടിബറ്റന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായി. കറുത്ത കൊടികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധക്കാരില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.