ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നത് പശുവിന്റെ പേരില്‍ അല്ല പെണ്ണ് കേസിന്റെ പേരില്‍ എന്ന് സുരേഷ് ഗോപി

രാജ്യത്തു കൊലപാതകങ്ങള്‍ നടക്കുന്നതു പശുവിന്റെ പേരിലല്ലെന്നും പെണ്ണുകേസിന്റെ പേരിലാണെന്നും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി. വട്ടിയൂര്‍ക്കാവില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

ഉത്തരേന്ത്യയില്‍ വ്യാപകമായി ദളിതരെ കൊലപ്പെടുത്തുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്. സത്യത്തില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നുവെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണ്. കൊലകള്‍ എല്ലാം നടക്കുന്നതു പെണ്ണുകേസിന്റെ പേരിലാണ്.’- അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതിയന്റെ പേരില്‍ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാംസ്‌കാരിക നായകര്‍ക്കെതിരെയും സുരേഷ് ഗോപി മോശമായ ഭാഷയില്‍ പ്രതികരിച്ചു.

ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് അകാരണമായ പ്രശ്നങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇത്തവണയെങ്കിലും ബി.ജെ.പിയെ ജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സുരേഷ് ഗോപി ഇന്നലെ രംഗത്തെത്തിയിരുന്നു. എറണാകുളം നിയമസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹം ജനങ്ങളോട് ഈ അഭ്യര്‍ഥന നടത്തിയത്.