ജോളി പിടിയിലായത് രണ്ടാം ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്നാമത് വിവാഹം ചെയ്യാന്‍ കരുക്കള്‍ നീക്കുന്ന സമയം

കൂടത്തായി കൊലപാതക പരമ്പരയിലെ സീരിയല്‍ കില്ലറായ ജോളി തന്റെ കൊലപാതക പരമ്പര തുടരുവാന്‍ തന്നെയാണ് പദ്ധതി ഇട്ടിരുന്നത് എന്ന് പോലീസ്. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊന്ന് മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി പൊലീസിന് മൊഴി നല്‍കി.

ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായിരുന്നു ജോളിയുടെ പദ്ധതി. അതിനായി ജോണ്‍സന്റെ ഭാര്യയെയും കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതാണ് രണ്ടുപേരെകൂടി കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നതായി പൊലീസ് നേരത്തെ പറഞ്ഞത്.

രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനവും ജോളി ലക്ഷ്യം വച്ചിരുന്നു. ആദ്യ ഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാം ദിവസം ഒരു പുരുഷ സുഹൃത്തിനോപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല പലതവണ ജോളി ജോണ്‍സണും കുടുംബവുമൊത്ത് സിനിമയ്ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്.

എന്നാല്‍ ജോളിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ച ജോണ്‍സന്റെ ഭാര്യ ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയും ജോളിയുമായുള്ള കൂട്ട് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയശേഷം ജോളി ആദ്യം വിളിച്ചത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്ന് പൊലീസ് പറഞ്ഞു.