സാമ്പത്തിക മാന്ദ്യം ഇല്ലാകഥ ; ഒക്ടോബറില്‍ ഇറങ്ങിയ സിനിമകള്‍ കോടിക്കണക്കിനു കളക്ഷന്‍ നേടി എന്ന് മന്ത്രി

രാജ്യത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് സ്ഥാപിക്കാന്‍ സിനിമകളുടെ കളക്ഷന്‍ കണക്കുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ഒക്ടോബര്‍ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനാണ് രവിശങ്കര്‍ പ്രസാദ് ഇങ്ങനെ മറുപടി പറഞ്ഞത്. രാജ്യത്തെ സാമ്പത്തിക നില മികച്ചതാണ്. അത് കൊണ്ടാണ് മൂന്ന് സിനിമകള്‍ക്ക് ഇത്രയും പണം നേടാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ വലിയൊരു വ്യവസായമാണ്. ദേശീയ അവധി ദിനമായ ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ട് ചെയ്തെന്ന് സിനിമ നിരൂപകനായ കോമള്‍ നെഹ്ത തന്നോട് പറഞ്ഞെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

”തൊഴിലില്ലായ്മയെക്കുറിച്ചുള്ള എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് തെറ്റാണ്. ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ 10 പ്രസക്തമായ വിവരങ്ങള്‍ ആ റിപ്പോര്‍ട്ടിലില്ല. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കുറച്ച് ആളുകള്‍ ആസൂത്രിതമായ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.