ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം നല്‍കണം ; സഞ്ജു സാംസണ് വേണ്ടി ഗൗതം ഗംഭീറും ശശി തരൂരും രംഗത്ത്

മലയാളി താരം സഞ്ജു സാംസണ് വേണ്ടി ഗൗതം ഗംഭീറും ശശി തരൂരും രംഗത്ത് . വിജയ് ഹസാര ട്രോഫിയില്‍ ഗോവയ്ക്കെതിരെ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയതിന് പിന്നാലെയാണ് സഞ്ജുവിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും തിരുവനന്തപുരം എംപി ശശി തരൂറും രംഗത്തെത്തിയത്.

‘അഭ്യന്തര ക്രിക്കറ്റില്‍ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജു അഭിനന്ദനങ്ങള്‍. അപാരകഴിവ് കൊണ്ട് പേസര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന ഇദ്ദേഹം ഏറ്റവും വേഗത്തില്‍ തന്നെ അവസരം അര്‍ഹിക്കുന്നുണ്ട്’ ഗംഭീര്‍ പറയുന്നു.അതുപോലെ സഞ്ജുവിനെ ടീമിന്ത്യയില്‍ ഉള്‍പ്പെടുത്തണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ട് ശശി തരൂര്‍ എംപിയും രംഗത്തെത്തി. സഞ്ജുവിന്റെ കളി സെലക്ടര്‍മാര്‍ കാണുന്നില്ലേയെന്നാണ് തരൂര്‍ ചോദിക്കുന്നത്.

ഗോവയ്ക്കെതിരെ മത്സരത്തില്‍ കേവലം 129 പന്തില്‍ 212 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 21 ഫോറും 10 സിക്സും സഹിതമാണ് സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിലെ കന്നി സെഞ്ച്വറി സ്വന്തമാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. സഞ്ജുവിന്റേയും മറ്റൊരു കേരള താരം സച്ചിന്‍ ബേബിയുടേയും (127) മികവില്‍ കേരളം മൂന്ന് വിക്കറ്റിന് 377 റണ്‍സാണ് അടിച്ചെടുത്തത്.