മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എന്ന് ഗുജറാത്ത് സ്‌കൂള്‍ പരീക്ഷയില്‍ ചോദ്യം
മഹാത്മാ ഗാന്ധി എങ്ങനെയാണ് ആത്മഹത്യാ ചെയ്തതത്…? ഞെട്ടണ്ട നമ്മുടെ രാജ്യത്തു ചരിത്രം എങ്ങനെയും വളച്ചൊടിക്കാന്‍ പറ്റുന്ന രീതിയിലായിക്കഴിഞ്ഞു. ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തില്‍ തന്നെയാണ് രാഷ്ട്രപിതാവിന്റെ മരണം പോലും സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ചിരിക്കുന്നത്.
സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് ക്ലാസ്സ് പരീക്ഷക്കുള്ള ചോദ്യത്തിലാണ് ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് ചിത്രീകരിച്ചിരിക്കുന്നത്. വിഷയം അന്വേഷിച്ചു വരികയാണെന്ന് അഹമ്മദാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പറഞ്ഞു.
ഗുജറാത്തിലെ സുഫലാം ഫാല വികാസ് സന്‍കുല്‍ എന്ന സംഘടനക്ക് കീഴിലുള്ള സ്വകാര്യ സ്‌കൂളുകളില്‍ ആണ് ചോദ്യ പേപ്പര്‍ വിതരണം ചെയ്തത്. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ്സ് പരീക്ഷക്ക് നല്‍കിയ ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യം. മഹാത്മാ ഗാന്ധി എങ്ങനെയാണു ആത്മഹത്യ ചെയ്തതെന്ന തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യമാണ് കുട്ടികള്‍ക്ക് നല്‍കിയത്.
സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍. ഗുജറാത്തിയില്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ ‘ഗാന്ധിജിയേ ആപ്ഗാത് കര്‍വാ മാറ്റ് ഷു കരിയു’ (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?) എന്നായിരുന്നു ചോദ്യം. സ്വന്തം ജന്മനാട്ടില്‍ തന്നെയാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇത്തരമൊരു അവഹേളനം എന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളില്‍ ശനിയാഴ്ച നടന്ന ആഭ്യന്തര മൂല്യനിര്‍ണ്ണയ പരീക്ഷയില്‍ ഈ രണ്ട് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കും’- ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാധര്‍ പറഞ്ഞു.
സുഫാലം ശാല വികാസ് സങ്കുലിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളുടെ മാനേജ്‌മെന്റാണ് ചോദ്യപേപ്പറുകള്‍ തയാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ മദ്യ നിരോധനമുള്ള ഗുജറാത്തില്‍ മദ്യപിച്ചു വഴക്കുണ്ടാക്കുന്നവരെക്കുറിച്ച് പരാതി തയ്യാറാക്കാനുള്ള ചോദ്യം, ഇതേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും നല്‍കി. വിഷയത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.