ഭാരതസഭയുടെ പ്രാര്‍ഥനകളും പ്രതീക്ഷകളും അത്യുന്നതങ്ങളിലേയ്ക്ക് ഉയര്‍ത്തി കുഴിക്കാട്ടുശ്ശേരിയിലെ അമ്മ വിശുദ്ധപദവിയിലേക്ക്

വത്തിക്കാനില്‍ നിന്നും ജെജി മാത്യു മാന്നാര്‍

റോം: ഭാരതസഭയ്ക്ക് വീണ്ടും ഒരു വിശുദ്ധ കൂടി. കത്തോലിക്കാ സഭയുടെ പ്രാര്‍ഥനകളും പ്രതീക്ഷകളും അത്യുന്നതങ്ങളിലേയ്ക്ക് ഉയര്‍ത്തിയാണ് മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഒക്ടോബര്‍ 13ന് (ഞായര്‍) രാവിലെ 10-ന് വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധബലിയിലാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്. ആഗോള കത്തോലിക്ക സഭയില്‍ ഭാരതസഭയില്‍ നിന്നുള്ള വിശുദ്ധയായി മറിയം ത്രേസ്യ ഇനി മുതല്‍ അറിയപ്പെടും.

ഹോളി ഫാമിലി സന്ന്യാസ സമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഭവ്യ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ലേഖനങ്ങള്‍ വായിച്ചു. കാറോസൂസ പ്രാര്‍ഥന മലയാളം, ഹിന്ദി, ഇംഗ്ളീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ എന്നീ ഭാഷകളില്‍ നടന്നു. ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനായിരുന്നു.

മറിയം ത്രേസ്യയടക്കം അഞ്ചുപേരെ പരിശുദ്ധ പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചു. കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍), മര്‍ഗരീത്ത ബേയ്‌സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്‌ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

ഭാരതത്തില്‍നിന്ന് വി. അല്‍ഫോന്‍സാമ്മ, വി. കുര്യാക്കോസ് ചാവറ ഏലിയാസച്ചന്‍, ഏവുപ്രാസ്യാമ്മ, മദര്‍ തെരേസ എന്നിവര്‍ക്കുശേഷം വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നയാളാണ് മറിയം ത്രേസ്യ. ഹോളി ഫാമിലി സന്ന്യാസസമൂഹത്തിന്റെ സ്ഥാപകയാണ്.

കേരളത്തത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ വത്തിക്കാനിലേയ്ക്ക് ഒഴുകിയെത്തിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇന്ത്യയില്‍നിന്നുള്ള സംഘത്തെ നയിച്ചത്.

ശനിയാഴ്ച വൈകിട്ടു നടന്ന ജാഗരാനുഷ്ഠാന പ്രാര്‍ഥനയില്‍ സഭാ മേലധ്യക്ഷരും വൈദികരും സന്ന്യസ്തരും മറിയം ത്രേസ്യയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരുമടങ്ങുന്ന വലിയയൊരു സംഘം പങ്കെടുത്തു.

വിശുദ്ധപദവി പ്രഖ്യാപനത്തിനുശേഷം തിങ്കളാഴ്ച റോമിലെ സെയ്ന്റ് അനസ്താസ്യ ബസിലിക്കയില്‍ സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ കൃതജ്ഞതാബലിയും തിരുശേഷിപ്പു വന്ദനവുമുണ്ടാകും. ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, റവ. ഡോ. ക്ലമന്റ് ചിറയത്ത്, മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.