മഹാരാഷ്ട്രയില്‍ 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു
മഹാരാഷ്ട്രയില്‍ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. പാര്‍ഗാര്‍ ജില്ലയിലെ അംബേസരി, നാഗ്സരി പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ശിവസേന വിട്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്.
അംബേസരിയില്‍ ചേര്‍ന്ന വലിയ പൊതുയോഗത്തിലാണ് ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം ഡോ. അശോക് ധവാലേ, മറിയം ധവാലേ, വിനോദ് നിക്കോള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
നേരത്തെ പഞ്ചായത്ത് അംഗങ്ങളായിരുന്നവരും ഇപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ ആയിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് സി.പി.ഐ.എമ്മിലേക്കുള്ള വരവ്. ധഹാനു സീറ്റില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിനെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുമെന്ന് പുതിയ നേതാക്കള്‍ പറഞ്ഞു.
സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിനെ എന്‍.സി.പി, കോണ്‍ഗ്രസ്. വി.ബി.എ എന്നീ പാര്‍ട്ടികള്‍ പിന്തുണക്കുന്നത്. അതിനാല്‍ ഈ മണ്ഡലത്തില്‍ ജയിച്ചു കയറാമെന്നാണ് സി.പി.ഐ.എം കരുതുന്നത്.
നിലവില്‍ ദഹാനു മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ ബി.ജെ.പിയുടെ പസ്‌കല്‍ ദനാരേയാണ്. ഈ സീറ്റില്‍ മാത്രമാണ് പ്രതിപക്ഷ കക്ഷികളെല്ലാവരും ചേര്‍ന്ന് സി.പി.ഐ.എമ്മിനെ പിന്തുണക്കുന്നത്. വിനോദ് നിക്കോള്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ദഹാനു ഞങ്ങളുടെ കോട്ടയാണ്, 2014ല്‍ നഷ്ടപ്പെട്ടെങ്കിലും. ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ്- സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം അശോക് ധവാലേ പറഞ്ഞു.
നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സി.പി.ഐ.എം പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവും ഏഴ് തവണ എം.എല്‍.എയുമായ ജെ.പി ഗാവിറ്റ് ഇത്തവണയും മത്സരിക്കുന്നുണ്ട്. ഗാവിറ്റിനെ കൂടാതെ നരസയ്യ ആദം, ഡോ. ഡി.എല്‍ കാരാഡ്, വിനോദ് നിക്കോള്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
അഖിലേന്ത്യ കിസാന്‍ സഭ 2018ല്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടത്തിയ ആദിവാസികളുടെയും കര്‍ഷകരുടെയും ലോംഗ് മാര്‍ച്ചിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ജെ.പി ഗാവിറ്റ്. 2019ലും സമാനമായ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.