സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന പുതിയ ഹര്‍ജി കോടതി തള്ളി

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച പുതിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ വാദം കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ ആണ് പുതിയ ഹര്‍ജി കോടതി തള്ളിയത്.

അഭിഭാഷകനായ അശ്വിനി ഉപാധ്യയാണ് ഈ വിഷയത്തില്‍ പുതിയതായി ഒരു പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ട് ഹര്‍ജികളാണ് മദ്രാസ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത്. കൂടാതെ ഇതേ ആവശ്യവുമായി ബോംബ, മധ്യപ്രദേശ് ഹൈക്കോടതികളിലും ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഹൈക്കോടതിയിലും സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ എല്ലാംകൂടി സുപ്രീംകോടതിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യവുമായി ഫെയ്‌സ്ബുക്ക് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജി പരിഗണിക്കവേ സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം തടയാനാവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എത്രസമയം വേണ്ടിവരുമെന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.