തലശേരി സബ്കളക്ടര്‍ സിവില്‍ സര്‍വീസ് നേടിയത് വ്യാജ രേഖകള്‍ ഉപയോഗിച്ച് എന്ന് റിപ്പോര്‍ട്ട്
തലശേരി സബ്കളക്ടര്‍ ആസിഫ് കെ യൂസഫ് സിവില്‍ സര്‍വീസ് ഒബിസി ക്യാറ്റഗറിയില്‍ പ്രവേശനം നേടിയത് വ്യാജ രേഖകള്‍ ഉപയോഗിച്ച് എന്ന് റിപ്പോര്‍ട്ട് . പ്രവേശനം നേടാനായി വാര്‍ഷിക വരുമാനം കുറച്ച് കാണിച്ച രേഖകള്‍ ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ ആണ് പുറത്തു വിട്ടത് .
സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു വര്‍ഷമെങ്കിലും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം.
എന്നാല്‍ ആസിഫ് നല്‍കിയത് തെറ്റായ വിവരങ്ങളാണെന്ന് രേഖകള്‍ തെളിയിക്കുന്നു. എറണാകുളം കളക്ടര്‍ക്ക് കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു. 2012-13 സാമ്പത്തിക വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനമായി ആസിഫ് കാണിച്ചത് 1,80,000 രൂപ.
ആദായ നികുതി റിട്ടേണ്‍സ് പ്രകാരം യഥാര്‍ത്ഥ വരുമാനം 21 ലക്ഷം രൂപയിലേറെയാണ്. അടുത്ത വര്‍ഷം 1,90,000 രൂപയാണ് വാര്‍ഷിക വരുമാനമായി കാണിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ വരുമാനം 23 ലക്ഷം രൂപയിലേറെയെന്ന് തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014-15 വര്‍ഷം 2,40,000 രൂപയാണ് അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വരുമാനം 28 ലക്ഷം രൂപയിലേറെയും. രക്ഷിതാക്കള്‍ക്ക് പാന്‍കാര്‍ഡില്ലെന്നും ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാറില്ലെന്നുമാണ് ആസിഫ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. അതും തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. സംഭവത്തില്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കേസന്വേഷിക്കുന്ന എറണാകുളം കളക്ടര്‍ മൂന്ന് മാസത്തിലേറെയായിട്ടും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടില്ല.