ആനക്കൊമ്പ് കേസ് ; മോഹന്‍ലാലിന് ഹൈക്കോടതി നോട്ടിസ്
ആനക്കൊമ്പ് കൈവശംവച്ച കേസില്‍ സിനിമാ താരം മോഹന്‍ലാലിനെതിരെ ഹൈക്കോടതിയുടെ നോട്ടിസ്. നേരത്തെ കേസില്‍ വനംവകുപ്പ് മോഹന്‍ലാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം, പ്രതിച്ഛായ നശിപ്പിച്ചതിന് വനംവകുപ്പിനെതിരെ താരവും ഹൈക്കോടതിയെ സമീപിച്ചു.
ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനം വകുപ്പ് തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
2012ല്‍ മോഹന്‍ലാലിന്റെ എറണാകുളം തേവരയിലെ വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ആനക്കൊമ്പുകള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കേസ് രജസിറ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ മാസമാണ് മോഹന്‍ലാലിനെ ഒന്നാംപ്രതിയാക്കിക്കൊണ്ട് കേസില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.