ഇന്ത്യ നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സാമ്പത്തിക നൊബേല്‍ സമ്മാന ജേതാവ്

അടിക്കടി വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍. രാജ്യം രൂക്ഷമായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ താഴ്ന്നു പോകുന്ന വിഷയം ലോകം തന്നെ തിരിച്ചറിഞ്ഞു എങ്കിലും ഇതുവരെ അത് അംഗീകരിക്കുവാനോ അതിനുള്ള പ്രതിവിധി കണ്ടെത്തുവാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നത് ഭീകരമായ ഒന്നാണ്. ഇപ്പോഴിതാ രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത് വന്നിരിക്കുകയാണ്  സാമ്പത്തിക നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഇന്ത്യന്‍ വംശജന്‍ കൂടിയായ അഭിജിത് ബാനര്‍ജി.

സാമ്പത്തികരംഗം ഗുരുതരമായ പ്രശ്നം നേരിടുന്നുവെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടും സമ്പദ് വ്യവസ്ഥ മോശമായി തന്നെ തുടരുകയാണെന്നായിരുന്നു അഭിജിത് ബാനര്‍ജി പറഞ്ഞത്.

പുരസ്‌കാരം നേടിയ ശേഷം മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ”എന്റെ കാഴ്ചപ്പാടില്‍ സമ്പദ്വ്യവസ്ഥ വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് ‘- എന്നായിരുന്നു അഭിജിത് ബാനര്‍ജി പറഞ്ഞത്.

ഇന്ത്യയിലെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ‘ ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചല്ല, ഇപ്പോള്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിലാണ് എനിക്കും ഒരു മറുപടി ലഭിക്കേണ്ടത്.’- എന്നുമായിരുന്നു അഭിജിത് പറഞ്ഞത്.

ഓരോ ഒന്നര വര്‍ഷത്തിനിടയിലും ഇന്ത്യയിലെ നഗര-ഗ്രാമ പ്രദേശങ്ങളിലെ ശരാശരി ഉപഭോഗത്തെക്കുറിച്ച് ദേശീയ സാമ്പിള്‍ സര്‍വേ കണക്കുകള്‍ പുറത്തുവിടാറുണ്ട്. ഞങ്ങള്‍ അതില്‍ കാണുന്നത് 2014-15, നും 2017-18 നും ഇടയില്‍ ഉപഭോഗത്തിന്റെ ശരാശരി കുറഞ്ഞതായിട്ടാണ് കാണുന്നത്. മുന്‍വര്‍ഷങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരമൊരു കാര്യം സംഭവിക്കുന്നത് ഇതാദ്യമാണ്, അതിനാല്‍ ഇത് വളരെ വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്ന ഡാറ്റയാണ്.

‘ഡാറ്റ ശരിയാണോ എന്നതിനെ കുറിച്ചുപോലും ഇവിടെ തര്‍ക്കം നടക്കുന്നുണ്ട്. മാത്രമല്ല ഇത്തരം ഡാറ്റകള്‍ എല്ലാം തെറ്റാണെന്ന ഒരു മുന്‍വിധി പോലും സര്‍ക്കാരിനുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു പ്രശ്നമുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. എന്നിട്ടും സമ്പദ്വ്യവസ്ഥ വളരെ വേഗതയില്‍ മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്.

എത്ര വേഗതയിലാണ് ഇത് സംഭവിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. ഈ ഡാറ്റയെക്കുറിച്ച് തര്‍ക്കമുണ്ട്, പക്ഷേ എനിക്ക് തോന്നുന്നത് വളരെ വേഗത്തില്‍ തന്നെ ഇത് സംഭവിക്കുന്നുണ്ടെന്നാണ്. പക്ഷേ ഈ ഘട്ടത്തില്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും അഭിജിത് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് വലിയ കടമുണ്ട്. എന്നാല്‍ എല്ലാവരേയും പ്രീണിപ്പിക്കാന്‍ വേണ്ടി ചില ബജറ്റ് ലക്ഷ്യങ്ങളും സാമ്പത്തിക പദ്ധതികളും നടപ്പില്‍ വരുത്തുകയാണ്- അദ്ദേഹം പറഞ്ഞു.