തിരഞ്ഞെടുപ്പ് സമയം ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ ടീക്കാറാം മീന. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യ പ്രചാരണത്തിനിറങ്ങിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരു മുന്നണിക്ക് വേണ്ടി എന്‍എസ്എസ് സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാല്‍ എന്‍എസ്എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീന പറഞ്ഞു.

അതേസമയം, പരാതി ലഭിച്ചാല്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ജാതി സംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാല്‍ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു.

പല പ്രചാരണ ജാഥകളും ഗതാഗത തടസം സൃഷ്ടിച്ചു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അനുവദനീയമായതിലും അധികം ശബ്ദത്തില്‍ കാതടപ്പിക്കുന്ന രീതിയിലാണു പല വാഹനങ്ങളിലും പ്രചാരണം നടത്തുന്നതെന്നും പരാതി ലഭിച്ചതിനെത്തുടര്‍ന്നാണു നിര്‍ദേശം.

ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാല്‍ എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍.എസ്.എസ്. പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരണം നടത്തിയത്.