പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തില്‍ പാക്കിസ്ഥാനും മുന്നിലായി ഇന്ത്യ

പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തില്‍ പാക്കിസ്ഥാനും മുന്നിലായി ഇന്ത്യ. രാജ്യം ശക്തമായ നിലയിലാണ് എന്ന് കേന്ദ്രം നാഴികയ്ക്ക് നാല്പതു വട്ടം വീമ്പു പറയുന്നുണ്ട് എങ്കിലും രാജ്യം കടുത്ത ദാരിദ്രത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആഗോള പട്ടിണി സൂചിക (Global Hunger Index). 117 രാജ്യങ്ങളുടെ പട്ടികയില്‍ 102ാമതായാണ് ഇന്ത്യയുടെ സ്ഥാനം. പോഷകാഹാരക്കുറവ് അധികമുള്ള രാജ്യമാണ് ഇന്ത്യയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും താഴ്ന്ന റാങ്കിലാണ് ഇന്ത്യയുള്ളത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടിണി ഏറ്റവുമധികം അനുഭവപ്പെടുന്ന 117ാമത്തെ രാജ്യം.

സ്ഥിരമായ പുരോഗതിക്ക് ശേഷം, 2015 മുതലാണ് ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞു തുടങ്ങിയത്. 2015 ല്‍ 93ാം റാങ്കിലായിരുന്നു ഇന്ത്യ. ഇക്കാലയളവില്‍ 106ാം സ്ഥാനത്തായിരുന്നു പാക്കിസ്ഥാന്‍. ആഗോള തലത്തിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, ശൈശവ മരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്ന ഘടകങ്ങള്‍.

ഇന്ത്യയില്‍ 6-23 മാസങ്ങള്‍ക്കിടയില്‍ പ്രായമുള്ള കുട്ടികളില്‍ 9.6 ശതമാനം പേര്‍ക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ നടന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ സര്‍വേയില്‍ ഇത് 6.4 ശതമാനത്തില്‍ താഴെയായിരുന്നു.

അതേസമയം ആഗോളതലത്തില്‍ ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്ന സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുരുതരം എന്ന അവസ്ഥയില്‍നിന്നും ഗുരുതരമായതും പരിഹരിക്കാവുന്നതുമെന്ന അവസ്ഥയിലേക്ക് ആഗോള ദാരിദ്ര്യ നിരക്ക് മാറിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപ്പോഴാണ് ഇന്ത്യയില്‍ പട്ടിണിക്കാരുടെ എണ്ണം കൂടി വരുന്നത് എന്നതും ശ്രദ്ധേയം.