കൂടത്തായി ; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി ; കേരളത്തിന് പുറത്തും അന്വേഷണം
കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതി ജോളി ഉള്‍പ്പടെ 3 പ്രതികളേയും രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകീട്ട് നാല് വരെയാണ് കസ്റ്റഡി കാലാവധി. പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തില്‍ 3 പ്രതികളെയും താമരശേരി കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രതികളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്‍ നിന്നാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
പ്രജികുമാര്‍ സയനൈഡ് എത്തിച്ചത് കോയമ്പത്തൂരില്‍ നിന്നെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കോയമ്പത്തൂരിലടക്കം തെളിവെടുക്കാനാണ് കസ്റ്റഡിനീട്ടാന്‍ ആവശ്യപ്പെട്ടത്. കേസില്‍ ജോളിക്കായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
ഇതിനിടെ കസ്റ്റഡിയില്‍ കഴിയുന്ന പ്രജികുമാറുമായി സംസാരിക്കാന്‍ ഭാര്യയ്ക്ക് കോടതി 10 മിനിറ്റ് അനുവദിച്ചു. മൂന്നുദിവസം കസ്റ്റഡി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടു ദിവസമാണ് അനുവദിച്ചത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
അതേസമയം, 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്യുന്നതായി പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു. പ്രതികളെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും ഉറങ്ങാന്‍പോലും അനുവദിക്കാതെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നായിരുന്നു. ഇതുവരെ പോലീസ് കേസില്‍ മതിയായ ചോദ്യം ചെയ്യല്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ കസ്റ്റഡി അനുവദിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇത് തള്ളിയാണ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയ തഹസീല്‍ദാര്‍ ജയശ്രീയുടെ മൊഴിയെടുക്കുന്നത് തുടരുകയാണ്. ജയശ്രീ ഇന്നും ഡെപ്യുട്ടി കലക്ടര്‍ മുമ്പാകെ ഹാജരായി. ഷാജുവിന്റെ പിതാവ് സഖറിയാസിന്റെ മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് പുലിക്കയത്തെ വീട്ടിലെത്തി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മടങ്ങി. അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.