മാര്‍ക്ക് ദാനവിവാദം ; കെടി ജലീലിനെതിരെ ഗവര്‍ണര്‍ക്ക് രമേശ് ചെന്നിത്തലയുടെ നിവേദനം
മാര്‍ക്ക് ദാനവിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ മന്ത്രിക്കെതിരെയും എംജി സര്‍വകലാശാല വിസിക്കെതിരെയും അന്വേഷണം വേണമെന്ന് ചെന്നിത്തല പറഞ്ഞു.വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തികൊണ്ടുള്ള അന്വേഷണമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. മാര്‍ക്ക് കൂട്ടി നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും അദാലത്ത് നടത്താര്‍ സര്‍ക്കാരിന് എന്തധികാരമെന്നും അദ്ദേഹം ചോദിച്ചു. സര്‍വകലാശാലകള്‍ സ്വയം ഭരണ സ്ഥാപനങ്ങളാണ്.
എല്ലാ യൂണിവേഴ്സിറ്റികളിലും മാര്‍ക്ക് ദാനം തുടക്കമിട്ടത് കെ ടി ജലീലാണെന്നും ഇത് വിസിയുടെയും സിന്‍ഡിക്കേറ്റിന്റെയും തലയില്‍ കെട്ടിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ജലീലിന് രക്ഷപെടാന്‍ ആവില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍ക്കാരിക്ക് മാര്‍ക്ക് കൂട്ടി നല്‍കി. വിസിയാണ് ഉത്തരവാദിയെങ്കില്‍ പുറത്താക്കാന്‍ ധൈര്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഒരു മാര്‍ക്ക് കൂട്ടി നല്‍കാന്‍ ശുപാര്‍ശ ചെയ്തു. തീരുമാനം പിന്നീട് അദാലത്തില്‍ വെക്കുകയാണ് ഉണ്ടായത്.
ആറ് സപ്ളിമെന്ററി പരീക്ഷകളില്‍ തോറ്റവരെ വരെ വിജയിപ്പിച്ചിട്ടുണ്ട്. ഒരു സെമസ്റ്ററില്‍ 5 മാര്‍ക്ക് കൂട്ടിക്കൊടുക്കാനുള്ള തീരുമാനം ദുര്‍വ്യാഖ്യാനം ചെയ്ത് എല്ലാ സെമസ്റ്ററിലും എന്നാക്കി മാറ്റി. എന്നിട്ട് 40 മാര്‍ക്ക് വരെ ഇങ്ങനെ നല്‍കി.
നഴ്സിംഗ് കൗണ്‍സിലിന്റെ അധികാരം മറികടക്കുകയും സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്തു. പരീക്ഷാ കലണ്ടര്‍ വരെ മന്ത്രി തീരുമാനിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മാര്‍ക്ക് ദാനത്തില്‍ തുടങ്ങി ഇപ്പോള്‍ മാര്‍ക്ക് കുംഭകോണത്തില്‍ എത്തിനില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നേരത്തെ കെടി ജലീല്‍ തന്നെയാണ് തെളിവുകള്‍ ഹാജരാക്കാനും കോടതിയെ സമീപിക്കാനും ഗവര്‍ണറെ കാണാനും രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. വിവരാവകാശപ്രകാരമുള്ള ചില രേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.