അയോദ്ധ്യ കേസ് : കോടതിയില്‍ നാടകീയ രംഗങ്ങള്‍ ഭൂപടം കീറിയെറിഞ്ഞ് അഭിഭാഷകന്‍ ; സുന്നി വഖഫ് ബോര്‍ഡ് കേസ് പിന്‍വലിക്കും
അയോദ്ധ്യ ഭൂമിതര്‍ക്ക കേസിന്റെ വാദത്തിനിടെ സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ നല്‍കിയ കടലാസും ഭൂപടവും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ്ധവാന്‍ കീറിയെറിയുകയായിരുന്നു. ഇതുപോലെയുള്ള വിലയില്ലാത്ത രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നും രാജീവ്ധവാന്‍ ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റിസ്വി അഹമ്മദ് ഫാറൂഖി വ്യക്തിപരമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നല്‍കിയത്. ചെയര്‍മാന്റെ നീക്കത്തില്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്.
അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കല്‍ 40ാം ദിവസമായ ഇന്നും തുടരുകയാണ്. എന്നാല്‍, സുന്നി വഖഫ് ബോര്‍ഡ് കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച യാതൊരു പ്രസ്താവനയും കോടതി ഇതുവരെ നടത്തിയിട്ടില്ല.
അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വാദം ഇന്ന് പൂര്‍ത്തിയാക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
മുന്‍പ് നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 18 വരെയായിരുന്നു വാദം കേള്‍ക്കല്‍ നടക്കേണ്ടിയിരുന്നത്. പിന്നീട് ഒക്ടോബര്‍ 17നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ നിശ്ചയിച്ചത്തിനും ഒരു ദിവസം മുന്‍പേ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവുകയാണ്. കേസില്‍ 41 ദിവസമാണ് ആകെ വാദം കേള്‍ക്കലിനായി നിശ്ചയിച്ചിരുന്നത്. ഇന്നു വൈകീട്ട് അഞ്ചുമണിയോടെ വാദം അവസാനിക്കും. കൂടുതല്‍ സമയം വേണമെന്ന് ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘കഴിഞ്ഞതു കഴിഞ്ഞു’ എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി.
കേസില്‍ മധ്യസ്ഥത്തിനായി നിയോഗിച്ച സമിതി ഇന്നുച്ചയ്ക്കു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നവംബര്‍ 17-നു മുന്‍പായി കേസില്‍ വിധിപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ. 17-നാണ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു പടിയിറങ്ങുക. കേസില്‍ വാദം കേള്‍ക്കുന്ന തുടര്‍ച്ചയായ 40-ാം ദിവസമാണിന്ന്. വാദം തുടങ്ങിയതുമുതല്‍ ഡിസംബര്‍ 10 വരെ അയോധ്യ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.
കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും വാദം സമര്‍പ്പിക്കാന്‍ കോടതി ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും 45 മിനിറ്റ് വീതമാണ് തങ്ങളുടെ വാദം പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഇന്നലെ വാദം പൂര്‍ത്തീകരിക്കാനാകാത്തതിനാല്‍ കേസില്‍ കക്ഷിയായ രാം ലല്ലയ്ക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന് ഇന്ന് പ്രത്യേകം 45 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിന് എതിര്‍ വാദമുന്നയിക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന് ഒരു മണിക്കൂറും വകയിരുത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിയോടെ 40 ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കല്‍ അവസാനിക്കും.