രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂടുന്നെന്ന് തുറന്നു പറഞ്ഞു റിസര്‍വ് ബാങ്ക്

സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യയിലെ ബാങ്കിങ് മേഖലയും പ്രതിസന്ധിയിലാണെന്നു പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ബാങ്കുകളിലെ പണമിടപാടുകള്‍ രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ആറ് വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. വായ്പാ ഇടപാടുകള്‍ കുറഞ്ഞതടക്കം നിരവധി പ്രശ്നങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. വായ്പാ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നത് മാത്രമാണ് ഡിമാന്‍ഡ് കൂട്ടാനുള്ള ഏക പോംവഴിയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഡിമാന്‍ഡും വിതരണവും കുറയുന്നതിന് കാരണം വായ്പാ ഇടപാടുകളിലെ പ്രതിസന്ധിയാണെന്ന് കെയര്‍ റേറ്റിങ്സിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ മദന്‍ സബ്നാവിസ് റോയിറ്റേഴ്സിനോട് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗത്തും ഓട്ടോമൊബൈല്‍ രംഗത്തുമുണ്ടായ പ്രതിസന്ധിയും ഇതിന്റെ ആക്കം കൂട്ടുന്നെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താവുന്നില്ലെന്നതിലേക്കാണ് ഈ റിപ്പോര്‍ട്ടുകള്‍ വിരല്‍ചൂണ്ടുന്നത്. ആളുകള്‍ സാധനങ്ങളുടെ ഉപഭോഗത്തില്‍ വരുത്തിയ വലിയ കുറവ് സാമ്പത്തിക മാന്ദ്യത്തിന് കാരണമാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.