ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോയ്ക്ക് കിട്ടിയ ലൈക്ക് ഒരു കോടി ഇരുപതുലക്ഷം

ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റണ്‍ തന്റെ പുതിയ ഇന്‍സ്റ്റാ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയാണ് ഗിന്നസ് റെക്കോഡോടെ ഇപ്പോള്‍ വൈറലായത്. പ്രശസ്ത ടിവി സീരിസ് ‘ഫ്രണ്ട്‌സി’ലെ സഹതാരങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് താരം ആദ്യമായി തന്റെ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്.

ഫ്രണ്ട്‌സിലെ താരങ്ങളായ കോര്‍ട്ട്‌നി കോക്‌സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.’ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ ഒരു കോടി ഇരുപത് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

മാത്രമല്ല, ജെന്നിഫറിന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണവും വര്‍ധിച്ചു. ചിത്രം പോസ്റ്റ് ചെയ്ത് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം പത്ത് ലക്ഷത്തിലധികമായി. മുന്‍പ് പ്രിന്‍സ് ഹാരിയും മേഗനും ആയിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കുറഞ്ഞ സമയത്തില്‍ ഇത്രയധികം ഫോളോവേഴ്സിനെ നേടിയവര്‍. അഞ്ച് മണിക്കൂര്‍ 45 മിനിറ്റിലായിരുന്നു അത്.

എന്നാല്‍, ഈ റെക്കോര്‍ഡും തകര്‍ത്ത് ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ഫോളോവേര്‍സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമായി മാറി ജെന്നിഫര്‍ അനിസ്റ്റണ്‍ മാറിയിരിക്കുകയാണ്. അഞ്ച് മണിക്കൂര്‍ 16 മിനിറ്റിലാണ് ജെന്നിഫര്‍ ഇത്രയധികം ഫോളോവേഴ്സിനെ സമ്പാദിച്ചത്.

തൊണ്ണൂറുകളില്‍ ഏറെ പ്രചാരത്തില്‍ ഉള്ള കോമഡി ഡ്രാമ ടി വി സീരിയല്‍ ആയിരുന്നു ഫ്രെണ്ട്‌സ്. ഇപ്പോഴും പല ചാനലുകളിലും അതിന്റെ പുനഃസംപ്രേഷണം നടന്നു വരികയാണ്.