നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തട്ടിപ്പിന്റെ തമ്പുരാന്‍: എന്‍ഫോഴ്സ്മെന്റ് കേരളത്തില്‍ ആദ്യമായി സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ജോബിയുടേത്
കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗം വഞ്ചിച്ചെന്ന് ആരുരോപിച്ചു പത്രസമ്മേളനം സംഘടിപ്പിച്ച നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് യുകെ മലയാളികളുടെ ഇടയില്‍ വന്‍ സാമ്പത്തീക കുറ്റവാളി. ജോബി നടത്തിയിട്ടുള്ള സാമ്പത്തീക കുറ്റകൃത്യങ്ങള്‍ എന്‍ഫോഴ്സ്മെന്റിന്റെ കേരള ചരിത്രത്തിലെ തന്നെ ആദ്യ കണ്ടുകെട്ടലായിരുന്നു. കേരളത്തില്‍ ആദ്യമായാണ് തട്ടിപ്പ് കേസില്‍ പ്രതിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്.
മലയാളി വിഷന്‍ പുറത്ത് കൊണ്ടുവന്ന ഏറ്റവും വലിയ തട്ടിപ്പ് കേസുകളില്‍ പ്രമാദമായിരുന്നു യു കെ മലയാളിയായിരുന്ന തടത്തില്‍ ജോബി ജോര്‍ജിന്റെത്. സമൂഹത്തെയും നിയമത്തെയും ഒരുപോലെ വെല്ലുവിളിച്ച് കൈയൂക്കിന്റെയും കാശിന്റെയും പിടിപാടിന്റെയും ബലത്തില്‍ വര്‍ഷങ്ങളോളം ചതിയുടെയും തട്ടിപ്പിന്റെയും കഥ തുടര്‍ന്ന ജോബിയ്ക്ക് ഒടുവില്‍ എന്‍ഫോഴ്സ്മെന്റ് തന്നെ കൂച്ചുവിലങ്ങിട്ടത് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായിരുന്നു.
നാടുനീളെ തട്ടിപ്പ് നടത്തി അകത്തായ ഈ മാന്യന്റെ സര്‍വ്വ വസ്തുവകകളും എന്‍ഫോഴ്സ്മെന്റ് കൊണ്ടുപോയതുമാണ്. ഇദ്ദേഹത്തെയാണ് ചില മുഖ്യധാരാമാധ്യമങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ വാര്‍ത്തകള്‍ നല്‍കി ഈ ദിവസങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നത്.
മകന് വിദേശത്ത് മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്‍കി മുവാറ്റുപുഴ സ്വദേശിയില്‍ നിന്നും 2.47 കോടി തട്ടിയ കേസിലാണ് ജോബിയുടെയും പിതാവിന്റെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. മുവാറ്റുപുഴ സ്വദേശി മംഗലത്ത് ബാബു ജോര്‍ജിന്റെ പരാതിയിലാണ് എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റെ നടപടി ഉണ്ടായത്.
കേസില്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരെ രംഗത്തിറക്കി ജോബി ജോര്‍ജ് വാദിച്ചെങ്കിലും തട്ടിപ്പിന്റെ ഗോപുരം ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി. ഒരു കേസില്‍ പോലും അഭിഭാഷകര്‍ക്ക് ജോബിയെ രക്ഷിക്കാനായില്ല എന്നത് ചരിത്രം. ഫോറിന്‍ എക്സ്ചേഞ്ച് മണി ആക്ട് പ്രകാരം നടന്ന കേസില്‍പോലും കുടുങ്ങിയ ജോബി, 20 കോടിയിലേറെ പലരില്‍ നിന്നായി തട്ടിയെടുത്തതെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നിന്നും റിക്രൂട്ട്മെന്റന്ന വ്യാജേന കോടികള്‍ വിദശത്തേക്കു കടത്തിയതിന്റെ പേരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും എന്‍ഫോഴ്‌സ് മെന്റും നിയമത്തിനു മുമ്പിലെത്തിച്ച പ്രതിയാണ് ഈ നിര്‍മ്മാതാവെന്നു മനസിലാക്കാതെ ഈ മാന്യ ദേഹത്തിന്റെ മുതലക്കണ്ണീര്‍ കണ്ട് യുവനടന്‍ കോടികള്‍ നഷ്ടത്തിലാക്കിയെന്നു വിതുമ്പുന്ന നിര്‍മ്മാതാവിന്റെ പിന്‍കാല ചരിത്രങ്ങളില്‍ ഇനിയും വിധി വരാനുള്ള കേസുകള്‍ ഉണ്ടെന്നതാണ് വിരോധാഭാസം.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ് മെന്റ് ഈ നിര്‍മ്മാതാവിന്റെ കല്ലറയിലുള്ള വീടും വസ്തുവകകളും, എറണാകുളത്തുള്ള ഫ്ലാറ്റും ഏറ്റെടുത്തിട്ടുള്ളതുമാണ്, ഇയാള്‍ക്കഎതിരെ ലുക്ക് ഒട്ട് നോട്ടീസും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചതിന് പിന്നാലെ യുകെയില്‍ ‘കലയെ പരിപോഷിപ്പിക്കാന്‍’ കേരളത്തില്‍ എത്തിയപ്പോള്‍ സ്വന്തം ഭാര്യ സഹിതം എയര്‍ പോര്‍ട്ടില്‍ വെച്ച് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത് ആഘോഷമാക്കിയ മാധ്യമങ്ങള്‍ പഴയ കഥകള്‍ മറക്കാന്‍ ഇടയില്ല അതോ മനഃപൂര്‍വ്വം മറന്നോ?
മാധ്യമങ്ങള്‍ മനപൂര്‍വ്വമോ അല്ലാതെയോ മറന്ന ഈ കഥകള്‍ അവരുടെ തന്നെ ചിന്തയ്ക്കും അന്വേഷണത്തിനും ഇവിടെ നല്‍കുന്നു. തന്റെ കലയോടുള്ള അഭിവാഞ്ച നിമിത്തം ഇംഗ്ലണ്ടില്‍ നിന്ന് തനിക്ക് ഏറെ ഇഷ്ട്ടമുള്ള നാട്ടില്‍ വന്ന് മക്കളും ഭാര്യയുമായി കലയെ പരിപോഷിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ ഷെയിനെ പോലെയുള്ള കുലംകുത്തികള്‍ അതിന് സമ്മതിക്കുന്നില്ല എന്ന വേദന പങ്കുവച്ച ഇയാളെക്കുറിച്ചു നിങ്ങള്‍ തന്നെ അച്ചടിച്ച വാര്‍ത്തകളിലൂടെ ഒന്ന് സഞ്ചരിക്കുന്നത് സത്യത്തിനു വെളിച്ചത്തേയ്ക്ക് വരാന്‍ തുണയാകും.