കുഞ്ഞ് കുഞ്ഞാലിയെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ മാത്രമേ ഉള്ളു : പ്രിയദര്‍ശന്‍
മലയാളം കണ്ട ഏറ്റവും ചിലവ് കൂടിയ സിനിമ എന്ന നിലയില്‍ ചിത്രീകരണം നടക്കുന്ന സിനിമയാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്. എന്നാല്‍ പല തവണ പ്രണവ് ഒഴിഞ്ഞു മാറിയ വേഷമാണ് ഇതെന്ന് പ്രിയദര്‍ശന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഈ കഥാപാത്രം ചെയ്യാന്‍ താന്‍ പ്രണവിനെ സമീപച്ചപ്പോള്‍ മാക്സിമം ഒഴിഞ്ഞു മാറാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഒപ്പം പ്രണവ് തന്നോട് ചോദിച്ച രണ്ട് ചോദ്യങ്ങളും പ്രിയദര്‍ശന്‍ വെളിപ്പെടുത്തി.
‘ഈ സിനിമയില്‍ നിന്ന് മാക്സിമം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച് ആളാണ് പ്രണവ്. എന്നോട് രണ്ട് ചോദ്യവും. ‘എന്തിനാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്?’ ഞാന്‍ പറഞ്ഞു കുഞ്ഞ് കുഞ്ഞാലിയെ അവതരിപ്പിക്കാന്‍ എനിക്ക് ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ വേറെ ഒരാളെ കിട്ടില്ല. അതുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചേ പറ്റൂ എന്നു പറഞ്ഞു. അപ്പോള്‍ പറഞ്ഞു ‘ഞാന്‍ ഇടംകൈയ്യനാണ്, എന്റെ അച്ഛന്‍ വലംകൈയ്യനാണ്.’ ഞാന്‍ പറഞ്ഞു, നാല്‍പ്പത് വര്‍ഷം സിനിമയെടുത്ത് ആള്‍ക്കാരെ പറ്റിച്ച എനിക്ക് ഇടംകൈയ്യനെ വലംകൈയ്യന്‍ ആക്കുവാന്‍ നിഷ്പ്രയാസം സാധിക്കും എന്ന്. അങ്ങനെ നിവൃത്തി ഇല്ലാതെയാണ് അപ്പു ചിത്രത്തില്‍ അഭിനയിച്ചത്.’ പ്രിയദര്‍ശന്‍ പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.