കോന്നിയില്‍ ബി.ജി.പിക്കായി പരസ്യ പ്രചാരണത്തിനിറങ്ങി അച്ചന്മാര്‍

അഞ്ചിടങ്ങളിലായി നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് ഓര്‍ത്തഡോക്സ് സഭ പറയുന്നുണ്ട് എങ്കിലും കോന്നിയില്‍ അച്ചന്മാര്‍ ബി.ജി.പിക്കായി പരസ്യ പ്രചാരണത്തിനിറങ്ങിയത് ശ്രദ്ധേയമായി.

നെല്ലും പതിരും തിരിച്ചറിയാനുള്ള കഴിവ് സഭ അംഗങ്ങള്‍ക്കുണ്ടെന്നും ആരോടും അയിത്തമില്ലെന്നും ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. നീതിനിഷേധത്തിനെതിരായ തിരിച്ചടി കോന്നിയില്‍ ഉണ്ടാകുമെന്നും ബിജെപിക്കായി പ്രചാരണത്തിനിറങ്ങിയത് മോശം അനുഭവങ്ങള്‍ ഉള്ളതിനാലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇതിനു പിന്നാലെ കോന്നിയില്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. കോന്നി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. വ്യാഴാഴ്ച വൈകീട്ടോടെയാണ് കോടിയേരി കോന്നി മൈലപ്രയിലെ മാര്‍ കുറിയാക്കോസ് ആശ്രമത്തിലെത്തിയത്.