കൂടത്തായി ; പ്രതികള്‍ക്ക് ജാമ്യം ഇല്ല

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികള്‍ക്ക് ജാമ്യം ഇല്ല. മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളുടെ റിമാന്‍ഡ് കാലാവധി നവംബര്‍ 2വരെ കോടതി നീട്ടുകയും ചെയ്തു.

പ്രതികളുടെ പൊലീസ് കസ്റ്റഡി വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ അവസാനിച്ചിരുന്നു. കൂടാതെ, മൂന്നുപേരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇവരെ താമരശേരി കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നായിരുന്നു ജോളിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ ആവശ്യം നിരാകരിക്കുകയാണ് ഉണ്ടായത്.

ജോളിയെ തെറ്റിദ്ധരിപ്പിച്ച് വക്കാലത്ത് ഒപ്പിടീച്ചതാണെന്ന വാദം കോടതി തള്ളി. ജോളി വിദ്യാഭ്യാസമുള്ള വ്യക്തിയാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കി തന്നെയാണ് അവര്‍ ഒപ്പിട്ടതെന്നും കോടതി പറഞ്ഞു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ മൂന്നുപ്രതികളെയും കോഴിക്കോട് ജയിലിലേക്ക് തന്നെ തിരിച്ചയച്ചു.

അതേസമയം, താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു മൂന്നാം പ്രതി പ്രജുകുമാര്‍. ജയിലില്‍നിന്നും ഇറങ്ങുമ്പോഴായിരുന്നു പ്രജുകുമാറിന്റെ ഈ പ്രതികരണം. താന്‍ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് അറിയില്ലെന്നു0 പ്രജുകുമാര്‍ മുന്‍പും പറഞ്ഞിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു തന്റെ കയ്യില്‍നിന്നും സയനൈഡ് വാങ്ങിയതെന്ന് പ്രജുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ 16നാണ് കേസിലെ മുഖ്യ പ്രതികളായ മൂന്നുപേരുടെയും കാസ്റ്റഡി കാലാവധി വെള്ളിയാഴ്ച 4 മണിവരെ നീട്ടിയത്. കഴിഞ്ഞ 10നാണ് 3 പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

നേരത്തെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ ബിഎ ആളൂര്‍ തന്റെ അഭിഭാഷകനായി വേണ്ടെന്ന് ജോളി പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയെന്ന അഭിഭാഷകന്റെ അവകാശവാദം താന്‍ വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു.