വീണ്ടും സ്വെഞ്ചറിയുമായി ഹിറ്റ് മാന്‍

മൂന്നാം സെഞ്ചുറിയുമായി ഇന്ത്യയുടെ ഹിറ്റ് മാന്‍ എന്ന് അറിയപ്പെടുന്ന രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ആദ്യ ഘട്ടത്തില്‍ തളര്‍ന്ന ഇന്ത്യയെ തിരിച്ചുകൊണ്ടുവന്ന രോഹിത് കരിയറിലെ ആറാം സെഞ്ചുറിയാണ് റാഞ്ചിയില്‍ നേടിയത്.

39 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട നിലയില്‍ നിന്നാണ് മൂന്ന് വിക്കറ്റിന് 192 റണ്‍സ് എന്ന നിലയിലേക്ക് രോഹിതും അജിന്‍ക്യ രഹാനെയും (66) കൊണ്ടുവന്നത്. നാല് സിക്സറും 13 ഫോറും അടങ്ങിയതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. രഹാനെ 10 ഫോറും ഒരു സിക്സറും അടിച്ചു.

റാഞ്ചിയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പതിവുപോലെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കോഹ്ലിയുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കായില്ല. പരമ്പരയില്‍ മികച്ച ഓപ്പണര്‍മാരായി വിധിയെഴുതിക്കഴിഞ്ഞ അഗര്‍വാള്‍-രോഹിത് ശര്‍മ സഖ്യം പതിവുപോലെ ബൗണ്ടറികള്‍ നേടിത്തുടങ്ങിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് എത്തുമ്പോഴേക്കും ആദ്യ പ്രഹരമേറ്റു.

കാഗിസോ റബാഡയുടെ പന്ത് ഫ്രണ്ട്ഫുട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കവെ സ്ലിപ്പില്‍ ഡീല്‍ എല്‍ഗറിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ രണ്ടാമത്തെ വിക്കറ്റും നഷ്ടമായി.
റണ്‍സൊന്നുമെടുക്കുന്നതിനു മുന്‍പേ പൂജാര റബാഡയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അമ്പയര്‍ ഔട്ട് നല്‍കിയില്ലെങ്കിലും ദക്ഷിണാഫ്രിക്ക റിവ്യൂയിലൂടെ വിക്കറ്റ് സ്വന്തമാക്കി.

അതിനിടെ രോഹിത് ശര്‍മയ്‌ക്കെതിരായ എല്‍.ബി.ഡബ്ലു അപ്പീല്‍ അമ്പയര്‍ അംഗീകരിച്ചെങ്കിലും റീപ്ലേയില്‍ ബാറ്റില്‍ പന്ത് തട്ടിയിരുന്നെന്നു മനസ്സിലായതോടെ പിന്‍വലിക്കുകയായിരുന്നു. സ്‌കോര്‍ 39-ല്‍ നില്‍ക്കേ ക്യാപ്റ്റനും ഡ്രസ്സിങ് റൂമില്‍ മടങ്ങിയെത്തി. രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന പേസ് ബൗളര്‍ ആന്റിച്ച് നോര്‍ത്തെയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയായിരുന്നു കോഹ്ലിയുടെ പുറത്താകല്‍. നോര്‍ത്തിന്റെ ആദ്യ വിക്കറ്റാണിത്.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ ഇഷാന്ത് ശര്‍മയെ പിന്‍വലിച്ച് സ്പിന്നര്‍ ഷഹബാസ് നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. നദീമിന്റെ ആദ്യ മത്സരമാണിത്.