പാക്ക് പ്രകോപനം ; ഇന്ത്യന്‍ തിരിച്ചടിയില്‍ പത്തു പാക്ക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
പാക് അധീന കശ്മീരില്‍ നടന്ന വെടിവെപ്പില്‍ പത്തിലധികം പാക് സൈനികരും ഭീകരരും കൊല്ലപ്പെട്ടു. കൂടാതെ, മൂന്നു പാക് ഭീകര കേന്ദ്രങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി കരസേന മേധാവി സ്ഥിരീകരിച്ചു.
നീലം താഴ്‌വരയില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള നാല് ലോഞ്ചിങ് പാഡുകള്‍ തകര്‍ത്തു. ജുറ, കുന്‍ദല്‍ഷാന്‍ തുടങ്ങി വിവിധ മേഖലകളിലെ ഭീകരത്താവളങ്ങളും നാമാവശേഷമാക്കി. നുഴഞ്ഞുകയറ്റം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തിരിച്ചടി ഇന്ത്യ നടത്തിയത്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉയരാമെന്നും ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സൈന്യത്തിന്റെ ഈ തിരിച്ചടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു .ഇന്ത്യയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും, ഇതിന് എല്ലാ അവകാശവും ഇന്ത്യക്കുണ്ടെന്നുമുള്ള നിലപാടിലാണ് സൈന്യം.
നിയന്ത്രണരേഖയ്ക്ക് സമീപം താങ്ധര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും ജീവന്‍ നഷ്ടമായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ മറവില്‍ ഭീകരര്‍ക്ക് അതിര്‍ത്തി നുഴഞ്ഞുകയറാന്‍ പതിവുപോലെ അവസരം നല്‍കുകയായിരുന്നു പാക്കിസ്ഥാന്‍. ഇതിന് പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളും പാക് സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.