അപായപ്പെടുത്തുമെന്ന് ഭയം’ : ശ്രീകുമാര്‍ മേനോന് എതിരെ ഡി ജി പിക്ക് പാരാതിയുമായി മഞ്ജുവാര്യര്‍
ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ പരാതിയുമായി നടി മഞ്ജുവാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്നു ഭയക്കുന്നതായും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയില്‍ മഞ്ജു പറയുന്നു.
തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉള്ളതായും പരാതിയില്‍ പറയുന്നു.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ സിനിമയില്‍ മഞ്ജുവാണ് നായിക വേഷത്തില്‍ എത്തിയത്. സിനിമ റിലീസ് ആയതിനു ശേഷം സംവിധായകന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ മഞ്ജുവിന് എതിരെയായിരുന്നു. സിനിമയ്ക്ക് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.
തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ട്. ഒടിയന് ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ട്. ഇവരുടെ സൗഹൃദം തെളിയിക്കുന്ന ചില ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ബന്ധപ്പെട്ടത്തിന്റെ ടെലിഫോണ്‍ രേഖകളും മഞ്ജു ഡിജിപിക്ക് കൈമാറി എന്നാണ് വിവരം.
മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കാന്‍ സാധ്യതയുള്ള വലിയൊരു വിവാദത്തിനാണ് മഞ്ജു വാര്യര്‍ തുടക്കമിട്ടത് എന്ന് അനുമാനിക്കേണ്ടി വരും. കാരണം സിനിമാ സംഘടനകളായ ‘അമ്മ, ഫെഫ്ക സ്ത്രീ സംഘടനാ ഇവര്‍ക്കൊന്നും ഇത്തരത്തില്‍ ഒരു പരാതിയെ പറ്റി യാതൊരു അറിവും ഇതുവരെ ഇല്ല എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.