ഉപതിരഞ്ഞെടുപ്പ് ; പല ഇടത്തും വില്ലനായി മഴ
കനത്ത മഴകാരണം ഉപതിരഞ്ഞെടുപ്പില്‍ പല ഇടങ്ങളിലും തണുത്ത പ്രതികരണം. രാവിലെ ശക്തമായി പെയ്ത മഴയാണ് വോട്ടിങ്ങിനു വില്ലനായത്. അതേസമയം മഴക്ക് നേരിയ ശമനം വന്നതോടെ വിവിധ മണ്ഡലങ്ങളിലെ വോട്ടിങ്ങില്‍ അല്പം പുരോഗതി രേഖപ്പെടുത്തി. എന്നാല്‍ എറണാകുളത്ത് കാര്യങ്ങള്‍ വളരെ പിന്നിലാണെന്നാണ് റിപോര്‍ട്ടുകള്‍.
എറണാകുളത്ത് ഉച്ച വരെ 21 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനം വന്നതോടെ പരമാവധി പേരെ പോളിങ്ങിന് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എല്ലാ മുന്നണികളും. എന്നാല്‍ മിക്ക റോഡുകളും വെള്ളത്തില്‍ മുങ്ങിയതും ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വോട്ടര്‍മാരെ നിസ്സംഗരാക്കുകയാണ്.
മഴ ഭീഷണി ഒഴിഞ്ഞു നില്കുന്നത് മഞ്ചേശ്വരത്ത് വോട്ടിങ് ഉഷാറാകുന്നതിന് കാരണമായി. ഇതുവരെ 36 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അരൂരില്‍ 37 ശതമാനവും കോന്നിയില്‍ 35 ശതമാനവുമാണ് പോളിങ്. എന്നാല്‍ വാശിയേറിയ പോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ 31 ശതമാനമാണ് പോളിംഗ്.
ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴ മഞ്ചേശ്വരം ഒഴികെയുള്ള നാലു മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് ഏറെ പ്രതികൂലമായി ബാധിച്ചു. കനത്ത മഴ മൂലം എറണാകുളത്തെ നിരവധി ബൂത്തുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. മുട്ടോളം വെള്ളത്തിലാണ് ഇവിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ ജോലി നിര്‍വഹിക്കുന്നത്. ആറ് ബൂത്തുകളില്‍ പോളിങ് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇപ്പോഴും തുടരുന്ന മഴയില്‍ നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ഇതുമൂലം റോഡ് ഗതാഗതം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. രാവിലെ മുതല്‍ തന്നെ ആളുകള്‍ വീട് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്ന സ്ഥിതിയാണ്. കൊച്ചി നഗരത്തിലെ പ്രധാന റോഡുകളായ എം.ജി റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കെ എസ് ഇ ബിയുടെ കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറിയതോടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ബൂത്തുകളില്‍ വൈദ്യുതി തടസം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അയ്യപ്പന്‍കാവിലും കടാരിബാഗിലും കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് സെന്ററുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അരൂരും കോന്നിയിലും വട്ടിയൂര്‍കാവിലും പോളിംഗ് മന്ദഗതിയിലാണ്.
പതിനൊന്ന് മണിയോടെ മഴയുടെ കാഠിന്യം അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും എറണാകുളത്ത് ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക് കാര്യമായി എത്തുന്നില്ല. ഇത് മൂന്ന് മുന്നണികളെയും ഒരു പോലെ ആശങ്കാകുലരാക്കുന്നുണ്ട്. മഴ മാറി നില്‍ക്കുന്നതിനാല്‍ വരും മണിക്കൂറുകളില്‍ വോട്ടര്‍മാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടര്‍മാരെ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ടെങ്കിലും ആളുകള്‍ വിമുഖത പ്രകടിപ്പിക്കുകയാണ്.