കനത്ത മഴ ; 7 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ഏഴ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസത്തേയ്ക്ക് കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. അഞ്ച് ദിവസത്തിന് ശേഷം ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്നത്. ഇത് 23നകം ശക്തമാകുമെന്നും ആന്ധ്ര തീരം വഴി കരയിലേക്ക് ആഞ്ഞടിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര0 അറിയിക്കുന്നത്.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന സമയത്തു മാറിത്താമസിക്കണമെന്നാണ് നിര്‍ദ്ദേശം.

വൈകുന്നേരങ്ങളില്‍ ശക്തമായ ഇടിയും മിന്നലുമുണ്ടാകാന്‍ ഇടയുണ്ടെന്നും കൂടാതെ, അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.