സോഷ്യല്‍ മീഡിയയുടെ കയര്‍ ഇനി സര്‍ക്കാരിന്റെ കയ്യില്‍ ; ട്രോളന്മാര്‍ക്ക് പണിയാകും

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ നിയമം ജനുവരി 15നകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

എന്നാല്‍ പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന വിധം ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷപരമായ പരാമര്‍ശം, വ്യാജ വാര്‍ത്ത, അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

സ്വകാര്യത മറ്റുള്ളവരുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാകരുത്, തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാവരുത്. ദേശസുരക്ഷയും രാജ്യതാത്പര്യവും ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.