കൊച്ചി നഗരത്തിലെ വെളളക്കെട്ട് ; വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും
മഴയില്‍ മുങ്ങിയ കൊച്ചിയിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കും.
നഗരത്തിലെ പേരണ്ടൂര്‍ കനാല്‍ ശുചീകരണം ആവശ്യപ്പെടുന്ന ഹര്‍ജിയിലായിരുന്നു കോടതി ഇന്നലെ കൊച്ചിന്‍ കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചത്. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്നും ചോദിച്ചിരുന്നു.
ഈ വിഷയത്തിലാണ് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കലൂരിലെ കെഎസ്ഇബി സബ് സ്റ്റേഷന്‍ വര്‍ഷം തോറും വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ കെഎസ്ഇബിയോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പെരുമഴയില്‍ കൊച്ചിയില്‍ ജനജീവിതം സ്തംഭിച്ചിരുന്നു. നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു.