കള്ളപ്പണക്കേസ് ; കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം
കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കണം. കോടതി അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്നും കോടതി പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവകുമാറിന് ജാമ്യം ലഭിച്ചിരിക്കുന്നത്. സെപ്തംബര്‍ മൂന്നിനാണ് ഡികെ ശിവകുമാര്‍ അറസ്റ്റിലാകുന്നത്. ആദായനികുതി വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 2018 സെപ്തംബറിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറ്ക്ടറേറ്റ് ഡികെ ശിവകുമാറിനെതിരെ കേസെടുക്കുന്നത്. ഡിസംബറില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ശിവകുമാറിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍, ഇത് ചോദ്യം ചെയ്തുകൊണ്ട് ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി സമന്‍സ് തള്ളി.
ഗുജറാത്തില്‍ നിന്നുള്ള 44 കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് സംരക്ഷിച്ചതിന് പിന്നാലെ ആയിരുന്നു ശിവകുമാറിനെതിരെയുള്ള ആദായനികുതി വകുപ്പിന്റെ നടപടി. കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച് പണം പിടിച്ചുവെന്നതാണ് കേസ്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.