കൂടത്തായി ; സിലിയുടെ കൊലപാതകം ഷാജുവിന് നേരത്തേ അറിയാമായിരുന്നു
കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് നേരത്തേ അറിയാമായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു എന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതോടെ ഷാജുവിനോട് ഇന്ന് വടകര റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.
സിലി മരണപ്പെട്ടതിന് പിന്നാലെ തന്നെ ഇരുവരുടേയും മറ്റു ബന്ധുക്കള്‍ പോസ്റ്റുമാര്‍ട്ടം ആവശ്യപ്പെട്ടെങ്കിലും ഷാജുവും ജോളിയും എതിര്‍ത്തിരുന്നു. പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ ബന്ധുക്കള്‍ നിര്‍ബ്ബന്ധം പിടിച്ചെങ്കിലും അനുവദിച്ചില്ല. പോസ്റ്റുമാര്‍ട്ടം എതിര്‍ക്കാന്‍ കാരണം സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു എന്ന സംശയത്തിലേക്കാണ് എത്തിക്കുന്നത്. ഇത് ഷാജുവും ജോളിയും തമ്മില്‍ നേരത്തേ തന്നെ ബന്ധമുണ്ടായിരുന്നു എന്ന സൂചനയുമാകുന്നു.
സിലി കൊല്ലപ്പെടുമെന്നും ജോളി തന്റെ ഭാര്യയായി മാറുമെന്നും ഷാജുവിന് നേരത്തേ അറിയാമായിരുന്നു എന്നായിരുന്നു സംശയം. ചോദ്യം ചെയ്യലില്‍ ഇക്കാര്യം വ്യക്തമായാല്‍ ഷാജുവി?ന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീളും. ഇതിന് പുറമെ സിലി കൊല്ലപ്പെട്ട ശേഷം ആശുപത്രിയില്‍ വെച്ച് സിലിയുടെ ആഭരണം ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. ഇന്നലെ രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നു എന്ന മൊഴിയില്‍ ജോളി ഉറച്ചു നിന്നതോടെയാണ് ഇന്ന് ഷാജുവിനെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിരിക്കുന്നത്.
കേസില്‍ ഇത് നാലാം തവണയാണ് ഷാജുവിനെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ ജോളി ഷാജുവിന് എതിരേ മൊഴി നല്‍കിയെങ്കിലും അന്വേഷണസംഘം അതിനെ ഗൗരവത്തില്‍ എടുത്തിരുന്നില്ല.
എന്നാല്‍ സിലിയുടെ മരണശേഷം പോസ്റ്റുമാര്‍ട്ടത്തെ എതിര്‍ത്തു എന്ന വിവരം കിട്ടിയതോടെയാണ് വീണ്ടും സംശയം ഷാജുവിന് നേരെ ഉയര്‍ന്നിരിക്കുന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് ഷാജുവിനെയും പിതാവ് സഖറിയായേയും അന്വേഷണസംഘം മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം കല്ലറ തുറന്ന ശേഷമായിരുന്നു.
ജോളിയെയും ഷാജുവിനെയും തനിച്ച് ചോദ്യം ചെയ്ത ശേഷം ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഉദ്ദേശം. ഇതിന് ശേഷമായിരിക്കും ഷാജുവിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ആറു സംഘങ്ങളായിട്ടാണ് കേസില്‍ പോലീസ് അന്വേഷണം. നടത്തുന്നത്. ഓരോ കൊലപാതകങ്ങളിലും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.