പുതുക്കിയ വാഹന പിഴ തുകകള്‍ പകുതിയാക്കി സര്‍ക്കാര്‍ ; ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി അഞ്ഞൂറ്
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക് സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം. ഇതില്‍ പ്രകാരം സീറ്റ് ബെല്‍റ്റ്,ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാക്കുവാന്‍ തീരുമാനമായി.
അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ.മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ പതിനായിരമായി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല. അമിത ഭാരം കയറ്റിയാലുള്ള പിഴ 20,000 ല്‍ നിന്ന് പതിനായിരമായി കുറച്ചു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ.
ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് തീരുമാനം. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കാതിരുന്നാലുള്ള പിഴ ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് രൂപയായി കുറച്ചു. അതേസമയം, മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴയില്‍ കുറവ് വരുത്തിയിട്ടില്ല. വാഹന പരിശോധന കര്‍ശനമായി തുടരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
പ്രത്യേക ശിക്ഷ പറയാത്ത കുറ്റങ്ങള്‍ക്ക് ആദ്യ തവണ 250 രൂപയും ആവര്‍ത്തിച്ചാല്‍ 500 രൂപയുമായി പിഴ പുതുക്കി നിശ്ചയിച്ചു.
അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 1000 രൂപയാണ് പുതുക്കി നിശ്ചയിച്ച പിഴ. പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000 രൂപയായി പിഴ കുറച്ചു. ശബ്ദ-വായു മലിനീകരണത്തിന് ആദ്യകുറ്റത്തിന് 2000 രൂപയാണ് പിഴ.
പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന് 3000 രൂപയായും ആവര്‍ത്തിച്ചാല്‍ 7500 രൂപയായും നിജപ്പെടുത്തി. ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 5000 രൂപയാണ് പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ആദ്യം 2000 രൂപയും ആവര്‍ത്തിച്ചാല്‍ നാലായിരവുമാണ് പിഴ.