ഭൂരിപക്ഷം കുറഞ്ഞു ; ഹരിയാനയില്‍ ബി ജെ പി അധ്യക്ഷന്‍ രാജിവെച്ചു

പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ഹരിയാനയിലെ ബി ജെ പി അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചു എന്ന് റിപ്പോര്‍ട്ട്. ബി ജെ പി അധ്യക്ഷനായ സുഭാഷ് ബറാലയാണ് രാജി സമര്‍പ്പിച്ചത്.  ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാത്തത് ബിജെപി ദേശീയ നേതൃത്വത്തെ നിരാശരാക്കിയിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ബറാലയുടെ രാജി വാര്‍ത്ത.

എന്നാല്‍ ബറാല മത്സരിച്ച തൊഹാന സീറ്റില്‍ ജെജെപി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദെവിന്ദര്‍ സിംഗ് ബാബ്ലി 25,000 വോട്ടുകള്‍ക്ക് മുന്‍പിലാണ്. തിരഞ്ഞെടുപ്പ് ഫലം വിലിരുത്താന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറടക്കമുള്ള നേതാക്കളെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

ഹരിയാനയില്‍നിന്നും ഇപ്പോള്‍ പുറത്തു വരുന്ന തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ ബിജെപിയ്ക്ക് ശുഭ വാര്‍ത്തയല്ല സമ്മാനിക്കുന്നത്. അനായാസ വിജയമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ച ഹരിയാനയില്‍ 90 അംഗസഭയില്‍ 40 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്.

25 സീറ്റുകളില്‍ കോണ്‍ഗ്രസും 21 സീറ്റുകളി മറ്റു പാര്‍ട്ടികളും മുന്നിട്ട് നില്‍ക്കുന്നുണ്ട്. 75 സീറ്റുകള്‍ അനായാസം നേടാനാവുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. ഏഴു ഹരിയാന മന്ത്രിമാര്‍ അവര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പിന്നിലാണുള്ളത്.

ഇതുകൂടാതെ, ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ രംഗത്തെത്തിയതും പ്രവര്‍ത്തകരെ തളര്‍ത്തിയിട്ടുണ്ട്. ജെജെപിയെയും സ്വതന്ത്രരെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഹൂഡ നീക്കം നടത്തുന്നത്.

ദുഷ്യന്ത് ചൗട്ടാലയുടെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത്. ജനങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ട് ചെയ്തുവെന്ന ചൗട്ടാലയുടെ പ്രതികരണം കോണ്‍ഗ്രസിന് അനുകൂല സൂചനയാണ് നല്‍കുന്നത്. ഹരിയാനയില്‍ എന്‍ഡിഎ തരംഗത്തിന് സാധ്യത കല്‍പ്പിച്ചായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്ത് വന്നത്. എന്നാല്‍, പിന്നീട് സാധ്യതകള്‍ മാറി മറിയുകയായിരുന്നു.