ശ്രീധരന്‍ പിള്ള ഇനി മിസോറാം ഗവര്‍ണ്ണര്‍

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുന്ന സാഹചര്യത്തിലാണ് പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണര്‍ ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാഷ്ട്രപതി ഭവനില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

മലയാളിയായ കുമ്മനം രാജശേഖരന്‍ രാജി വച്ചതിന് ശേഷം ജഗദീഷ് മുഖിയായിരുന്നു മിസോറാം ഗവര്‍ണര്‍. ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. മിസോറാമിന്റെ പതിനഞ്ചാമത്തെ ഗവര്‍ണറാണ് ശ്രീധരന്‍ പിള്ള. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നാമത്തെ മലായാളിയാണ് പിഎസ് ശ്രീധരന്‍ പിള്ള.

നേരത്തെ കുമ്മനം രാജശേഖരനും ബി.ജെ.പി അധ്യക്ഷനായിരിക്കുമ്പോഴായിരുന്നു മിസോറാം ഗവര്‍ണറായി ചുമതലപ്പെടുത്തിയത്. കുമ്മനം ഗവര്‍ണര്‍ സ്ഥാനത്തേക്ക് പോയതിന് പിന്നാലെയായിരുന്നു ശ്രീധരന്‍ പിള്ളയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് നേരെ വിമര്‍ശമനുയര്‍ന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം തന്നെ ശ്രീധരന്റെ നേതൃത്വത്തിനെതിരെ ചോദ്യങ്ങളുയരാന്‍ കാരണമായിരുന്നു. ശ്രീധരന്‍ പിള്ളയെ മാറ്റി കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. അതേസമയം, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും ഗിരീഷ് ചന്ദ്ര മര്‍മുവാണ് ജമ്മു കശ്മീരിലെ പുതിയ ഗവര്‍ണര്‍. രാധാകൃഷ്ണ മാഥുറിനെ ലഡാക്ക് ലഫ്. ഗവര്‍ണറായും നിയമിച്ചു.