കൊച്ചിയെ രക്ഷിക്കാന്‍ തിരുവനന്തപുരം മാതൃകയുമായി സര്‍ക്കാര്‍

മഴ പെയ്താല്‍ മുങ്ങുന്ന കൊച്ചി നഗരത്തിനെ രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. സമഗ്ര കര്‍മ പദ്ധതി എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയില്‍ ആണ് കൊച്ചിയില്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്.

തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി നഗരസഭാ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. നഗരത്തിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അത് ഒഴിവാക്കാനുള്ള അടിയന്തിര ഇടപെടലിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ദിവസം കൊച്ചിയിലുണ്ടായ വെളളക്കെട്ട് ഒഴിവാക്കാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന അടിയന്തിര പദ്ധതി നടപ്പിലാക്കുകയുണ്ടായി.

അതിന്റെ അടുത്തഘട്ടമായാണ് സമഗ്ര കര്‍മ്മ പദ്ധതി ആലോചിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളും നടപ്പിലാക്കും. കനാലുകള്‍ സ്ഥിരമായി ശുചിയാക്കാനുള്ള ബൃഹത് പദ്ധതി നിലവിലുണ്ട്. കിഫ്ബി വഴിയാണ് അത് നടപ്പാക്കുന്നത്.

ഡ്രെയിനേജ് സംവിധാനത്തിലെ തകരാറുകളാണ് കൊച്ചി വെള്ളക്കെട്ടിന് കാരണം. ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതും കാരണമായി കാണുന്നു. കൊച്ചി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ , പി.ആന്‍ഡ്. ടി കോളനി, ഉദയ കോളനി, അയ്യപ്പന്‍കാവ്, കലൂര്‍, ഇടപ്പള്ളി തുടങ്ങിയവിടങ്ങളിലാണ് വെള്ളക്കെട്ട് കൂടുതലായി രൂപപ്പെട്ടത്.

മുല്ലശ്ശേരി കനാല്‍, പേരണ്ടൂര്‍ കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി റോഡ് എന്നിവിടങ്ങളില്‍ മാലിന്യം അടിഞ്ഞു കൂടി ഒഴുക്ക് തടയപ്പെട്ട നിലയിലും കാണുന്നു.