സ്ത്രീകളെ പീഡിപ്പിച്ച് സയനൈഡ് നല്‍കി കൊന്ന സയനൈഡ് മോഹന്‍ കുമാറിന് നാലാം വധശിക്ഷ

സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തി കൊല്ലുന്ന സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍ കുമാറിന് നാലാം വധശിക്ഷ. പതിനേഴാമത്തെ കേസിലാണ് മംഗളൂരു ജില്ലാ സെഷന്‍സ് കോടതി ഇയാള്‍ക്ക് വീണ്ടും വധശിക്ഷ വിധിച്ചത്.

ബണ്ട്വാളില്‍ അംഗന്‍വാടി ജീവനക്കാരി ശശികലയെ പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് വിധി. ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിലാണ് മുമ്പ് വധശിക്ഷ വിധിച്ചത്. 2003, 2009 കാലയളവിലാണ് കായിക അധ്യാപകനായ മോഹന്‍കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയില്‍ സയനൈഡ് നല്‍കി യുവതികളെ കൊലപ്പെടുത്തിയത്.

സാമ്പത്തികമായി ശരാശരിയിലും താഴെ നില്‍ക്കുന്ന കുടുംബങ്ങളിലെ, വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികളായിരുന്നു മോഹന്‍ കുമാറിന്റെ ഇരകള്‍. സൗഹൃദം സ്ഥാപിച്ച ശേഷം ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സയനൈഡ് പുരട്ടിവച്ച ഗര്‍ഭനിരോധന ഗുളിക നിര്‍ബന്ധിച്ച് നല്‍കും.

ശുചിമുറിയില്‍ എത്തിയാണ് യുവതികള്‍ ഗുളികകള്‍ കഴിക്കുന്നത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് അവര്‍ മരണപ്പെടും. തുടര്‍ന്ന് സ്വര്‍ണവുമായി ഇയാള്‍ കടന്നുകളയുകയാണ് ചെയ്തിരുന്നത്. മുപ്പത്തിരണ്ടോളം യുവതികളെയാണ് ഇയ്യാള്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്.