മോഹനന്‍ വൈദ്യന്‍ അറസ്റ്റില്‍

വിവാദ വൈദ്യന്‍ മോഹനന്‍ വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കായംകുളം പൊലീസാണ് മോഹനന്‍ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. വയനാട് സ്വദേശിയുടെ പരാതിയില്‍ കായംകുളം പോലീസ് മോഹനന്‍ വൈദ്യര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് മൂന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

പ്രപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലിരുന്ന കുട്ടി വൈദ്യരുടെ അശാസ്ത്രീയ ചികിത്സാമൂലം മരിച്ചെന്നാണ് പരാതി. സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്ക് മാരാരിക്കുളം പൊലീസ് കേസെടുത്തിരുന്നു. വൈദ്യരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിത്.

ആലപ്പുഴ ഓച്ചിറ കൃഷ്ണപുരത്ത് ജെ.എന്‍. നാട്ടുവൈദ്യശാല നടത്തുകയാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍. താന്‍ ഇരുപതു വയസുമുതല്‍ പ്രകൃതി ചികില്‍സ നടത്തുന്ന ആളാണെന്നു ജാമ്യഹര്‍ജിയില്‍ വൈദ്യര്‍ പറയുന്നു. പത്താംക്ലാസ് മാത്രമാണു വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്. മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തില്‍ ഊന്നിയാണ് പ്രവര്‍ത്തനം.

അപൂര്‍വവും ചികില്‍സിച്ചുമാറ്റാന്‍ കഴിയാത്തതുമായ രോഗങ്ങള്‍ക്കാണ് ചികില്‍സ നല്‍കിയിരുന്നത്. നിരവധി പേര്‍ക്ക് സൗഖ്യം പകര്‍ന്നിട്ടുണ്ട്. എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ എന്‍.ജി.ഒകള്‍ അടക്കമുള്ളവര്‍ തന്നെ ആദരിച്ചിട്ടുമുണ്ട്. ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയത് തന്റെ ചികിത്സാ പിഴവുമൂലമല്ല. കുട്ടിക്ക് യാതൊരുവിധ മരുന്നും കുറിച്ചുനല്‍കിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മോഹനന്‍ നായര്‍ വ്യക്തമാക്കുന്നു.