മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നിലപാട് കടുപ്പിച്ചു ശിവസേന ; മഹാരാഷ്ട്രയില്‍ കുരുക്കിലായി ബി ജെ പി
മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുന്നില്‍ കുരുക്കിലായി ബി ജെ പി. തിരഞ്ഞെടുപ്പിന് മുന്‍പേതന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച ശിവസേന 2.5 വര്‍ഷത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് ബിജെപി നേതൃത്വത്തില്‍നിന്നും ഉറപ്പ് ആവശ്യപ്പെട്ടിരിയ്ക്കുകയാണ് ഇപ്പോള്‍.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി തീരുമാനിച്ച 50:50 കരാര്‍ (രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി) നടപ്പാക്കുമെന്ന ഉറപ്പ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എഴുതി നല്‍കണമെന്നാണ് ഇപ്പോള്‍ ശിവസേന അവകാശപ്പെടുന്നത്.
പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറേയുടെ വസതിയില്‍ ശിവസേനയുടെ 56 എംഎല്‍എമാരും പങ്കെടുത്ത നിയമസഭാകക്ഷി യോഗ0 ഇന്ന് നടന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരഭിപ്രായം ഉരുത്തിരിഞ്ഞത്.
ബിജെപി.യുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ മുതിര്‍ന്ന നേതാക്കള്‍ ധാരണ അംഗീകരിച്ച് ഒപ്പിട്ട് നല്‍കണമെന്നാണ് ശിവസേന എംഎല്‍എമാരുടെ ആവശ്യം. ഉദ്ധവ് താക്കറേ ഈ കത്ത് എഴുതി വാങ്ങുന്നത് ഉറപ്പു വരുത്തണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്നത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് അമിത് ഷാ ഉറപ്പുനല്‍കിയിരുന്നു. അതനുസരിച്ച് ബിജെപിയ്ക്കും ശിവസേനയ്ക്കും 2.5 വര്‍ഷം വീതം മുഖ്യമന്ത്രി പദവി പങ്കിടാം. ദീര്‍ഘകാലമായി ശിവസേനയുടെ അഭിലാഷമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദവി പാര്‍ട്ടിയ്ക്ക് ലഭിക്കുകയും ചെയ്യും.
എന്നാല്‍ ഇപ്പോള്‍ വെറും വാക്കിലല്ല, എഴുതി നല്‍കണമെന്നാണ് ശിവസേന അവകാശപ്പെടുന്നത്. എന്നാല്‍ എഴുതി നല്‍കുവാനുള്ള കാര്യത്തില്‍ ഉറപ്പില്ലാത്ത സ്ഥിതിയിലാണ് ബി ജെ പി ഇപ്പോള്‍ എന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.