ന്യൂനമര്‍ദം ; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
സംസ്ഥാനത്തു വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദ0 രൂപപ്പെടാന്‍ സാധ്യത ഉണ്ട് എന്നും ഇത് കാറ്റ് ശക്തിപ്പെടാനും ഇടിമിന്നലോടെ ഒറ്റപ്പെട്ട കനത്തമഴയ്ക്കും കാരണമാകും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
2017-ലുണ്ടായ ഓഖി ചുഴലിക്കാറ്റിന് ഏകദേശം സമാനമായ പാത ഈ ന്യൂനമര്‍ദം സ്വീകരിക്കാന്‍ സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് ദുരന്തനിവാരണ അതോറിറ്റി.
ബുധനാഴ്ച കൊല്ലത്തും ഇടുക്കിയിലും അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ലക്ഷദ്വീപ്, മാലെദ്വീപ് മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയോടെയുള്ള കാറ്റും ശക്തമായ ഇടിമിന്നലുമുണ്ടാവും.
തിങ്കള്‍ മുതല്‍ ബുധന്‍ വരെ കേരളതീരം, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, മാലെദ്വീപ് എന്നീ സമുദ്രമേഖലകളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാവും.
മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച വടക്കന്‍ കേരളത്തിലും അതിനുശേഷം തെക്കന്‍ കേരളത്തിലും മഴ ശക്തമാവുമെന്നാണ് പ്രവചനം.
ഇത് കൂടുതല്‍ ശക്തി പ്രാപിക്കാനാണ് സാധ്യത. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ച്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപമെടുത്ത ക്യാര്‍ ചുഴലിക്കാറ്റ് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറായി ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.