ശ്രീകുമാര്‍ മേനോന് എതിരെ മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്തു
സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ നല്‍കിയ പരാതിയില്‍ പോലീസ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. തൃശൂരിലെ പൊലീസ് കേന്ദ്രത്തില്‍ വച്ച് തൃശൂര്‍ സി ബ്രാഞ്ച് എസിപി സിഡി ശ്രീനിവാസനാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മൊഴിയില്‍ മഞ്ജു പറയുന്നു.
ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍പ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ ബുധനാഴ്ചയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. തന്റെ ലെറ്റര്‍ഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്നു ഭയമുണ്ടെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.
സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്. ഒടിയന്‍ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണന്നും പരാതിയില്‍ പറയുന്നു.
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള ‘പുഷ്’ കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.2017 ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, താന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണെന്നും. മഞ്ജു വാര്യര്‍ നല്‍കിയ പരാതിയെക്കുറിച്ച് മാധ്യമ വാര്‍ത്തകളില്‍ നിന്നും മാത്രമാണ് ഈ അറിഞ്ഞതെന്നും പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്യുമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാര്‍ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്.