കരുതല്‍ ധനം കേന്ദത്തിനു നല്‍കി ; റിസര്‍വ് ബാങ്ക് പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പിനു വേണ്ടി കരുതല്‍ ധനം നല്‍കിയ റിസര്‍വ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ കുഴപ്പത്തിലായി എന്ന് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷം നാലുമാസം കൊണ്ടു മാത്രം റിസര്‍വ് ബാങ്ക് വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8146 കോടി രൂപ) കരുതല്‍ സ്വര്‍ണം. കഴിഞ്ഞ വര്‍ഷം ജൂലൈ-ഒക്ടോബര്‍ കാലയളവിലെ കണക്കാണിത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ വിറ്റത് രണ്ട് ബില്യണ്‍ ഡോളറിന്റെ (14168 കോടി രൂപ) സ്വര്‍ണമാണ്. ജൂലൈ-ജൂണ്‍ കാലയളവാണ് റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം.
ബിമല്‍ ജലാന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിനു കൈമാറാന്‍ തയ്യാറായതാണു സ്വര്‍ണം വില്‍ക്കാന്‍ കാരണമായത്. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം രാജ്യത്തിന്റെ ഫോറെക്സ് റിസര്‍വിലുള്ളത് 26.8 ബില്യണ്‍ ഡോളറിന്റെ (1.89 ലക്ഷം കോടി രൂപ) സ്വര്‍ണമാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 1991-ല്‍ 67 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലന്‍ഡിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും പണയം വെച്ചിരുന്നു. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്ന വന്‍ ഇടിവ് മറികടക്കാനായിരുന്നു അന്നത്തെ പണയം.
ഈ നടപടി അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. അതിനുശേഷം ഇപ്പോഴാണ് സ്വര്‍ണം വില്‍ക്കുന്നത്. ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകളെല്ലാം കരുതല്‍ ധനശേഖരത്തിന്റെ ഒരുഭാഗം സ്വര്‍ണമായിത്തന്നെ സൂക്ഷിക്കാറുണ്ട്.
ഇതിനിടെ, കരുതല്‍ സ്വര്‍ണശേഖരത്തിന്റെ മൂല്യനിര്‍ണയം മാസത്തില്‍ ഒരിക്കല്‍ എന്ന കീഴ്വഴക്കം മാറ്റാനുള്ള ശ്രമവും റിസര്‍വ് ബാങ്കില്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.