കരമന ദുരൂഹ മരണങ്ങള്‍ ; പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍

കരമന ദുരൂഹ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് കൂടത്തില്‍ കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ രംഗത്ത്. കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബന്ധുകൂടിയായ ഹരികുമാരന്‍ നായര്‍ (എം.ജി കോളജ് റിട്ടയഡ് പ്രിന്‍സിപ്പള്‍ ) മരണങ്ങളിലും, സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ജയമാധവന്‍ നായര്‍ ഇത്തരത്തില്‍ ഒരു വില്‍പത്രം ഒരിക്കലും എഴുതില്ലെന്നും അദ്ദേഹം പറയുന്നു.

‘കൂടത്തില്‍ കുടുംബവുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നിട്ടും തന്നെ ഒരു കാര്യങ്ങളും രവീന്ദ്രന്‍ നായര്‍ അറിയിച്ചിരുന്നില്ല. നാട്ടില്‍ നിന്ന് വിട്ട് നിന്ന സമയത്തായിരുന്നു ഭൂമി കൈമാറ്റം നടന്നത്. അതും അര്‍ഹതയില്ലാത്തവര്‍ക്ക്. കൂടത്തില്‍ കുടുംബത്തിന്റെ പ്രകൃതം വച്ച് അവര്‍ ആര്‍ക്കും ഒന്നും കൊടുക്കില്ല. ജയമാധവനോട് 5 സെന്റ് ചോദിച്ചിരുന്നുവെന്നും തരാമെന്ന് ജയമാധവന്‍ സമ്മതിച്ചതായി രവീന്ദ്രന്‍ നായര്‍ പറഞ്ഞിട്ടുണ്ട്.’- ബന്ധു ഹരികുമാര്‍ പറയുന്നു.

വില്‍പ്പത്രത്തിന്റെ ഉള്ളടക്കം ദുരുദ്ദേശപരമാണെന്നും കുടുംബത്തോട് സ്നേഹമുള്ള ഒരുപാട് ആളുകള്‍ അവിടെ വേറെയുണ്ടായിരുന്നുവെന്നും അവര്‍ക്കൊന്നും ഒന്നും കൊടുത്തില്ലെന്നും ഹരികുമാര്‍ കൂട്ടിച്ചേര്‍ത്തു. അവസാന കാലത്ത് നോക്കി എന്നുള്ളതല്ലാതെ രവീന്ദ്രന്‍ നായര്‍ അവകാശപ്പെടുന്നത് പോലെ ഒന്നും ചെയ്തിരുന്നില്ലെന്നും ഹരികുമാര്‍ പറഞ്ഞു.

കരമന, കുളത്തറ, ഉമാ മന്ദിരത്തില്‍, കൂടത്തില്‍ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയില്‍ മരിച്ചത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്.

അവസാനം നടന്ന ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയമാധവന്‍ എന്നിവരുടെ മരണങ്ങളിലാണ് നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നത്. മരണ ശേഷം സ്വത്തുക്കള്‍ കാര്യസ്ഥന്റെ പേരിലാണ് എഴുതി നല്‍കിയത് ഇതാണ് ദുരൂഹത വര്‍ധിക്കുവാന്‍ കാരണമായത്.