കശ്മീര്‍ സന്ദര്‍ശനം ; കേന്ദ്ര സര്‍ക്കാരിന് എതിരെ ബ്രിട്ടീഷ് എം.പി രംഗത്ത്

ബ്രിട്ടിനിലെ ലിബറല്‍ ഡെമോക്രാറ്റിക് എം.പിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ ജമ്മു കശ്മീരിലേക്കുള്ള പ്രതിനിധി സംഘത്തില്‍ നിന്ന് ഒഴിവാക്കിയതായി യു.കെ എം.പി ക്രിസ് ഡേവിസ് പറയുന്നു .

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുടെ അകമ്പടിയില്ലാതെ സ്ഥിതിഗതികള്‍ കണ്ട് മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തന്നെ പ്രതിനിധി സംഘത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഡേവിസ് വ്യക്തമാക്കി.

ഒക്ടോബര്‍ ഏഴിനാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം ക്രിസ് ഡേവിസിന് ലഭിക്കുന്നത്. സുരക്ഷാസേനയുടെ അകമ്പടിയില്ലാതെ ജമ്മു കശ്മീരിലെ കാര്യങ്ങള്‍ മനസിലാക്കണമെന്ന് ക്രിസ് മറുപടിയും നല്‍കി. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ക്രിസിനു നല്‍കിയ ക്ഷണം പിന്‍വലിക്കപ്പെടുകയാണുണ്ടായതെന്നു ക്രിസ് ഡേവിസ് പറഞ്ഞു.

എനിക്ക് കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം ലഭിച്ചപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമാണ്. സുരക്ഷാസേനയുടെയും പൊലീസിന്റെയും പട്ടാളക്കാരുടെയും അകമ്പടിയില്ലാതെ മാധ്യമ പ്രവര്‍ത്തകരുടെ കൂടെ എനിക്ക് പോകണമെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ പോകാനും ആളുകളുമായി സംവദിക്കാനും അനുവദിക്കണം എന്നാണ്. എന്നാല്‍ ഒക്ടോബര്‍ പത്തിന് ഇന്ത്യ ക്ഷണം പിന്‍വലിക്കുകയാണുണ്ടായത്.’ ക്രിസ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ സന്ദര്‍ശനം ജമ്മു കശ്മീരില്‍ തുടരുമ്പോഴാണ് ക്രിസ് ഡേവിസിന്റെ വിമര്‍ശനം പുറത്തുവരുന്നത്.

അതേസമയം, പ്രതിപക്ഷ നേതാക്കള്‍ക്ക് കശ്മീരിലേയ്ക്ക് പോകാന്‍ അനുവാദം നല്‍കാതെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ക്ക് അനുമതി നല്‍കിയ മോദി സര്‍ക്കാരിന്റെ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി പാര്‍ലമെന്റിനെയും രാജ്യത്തെ ജനപ്രതിനിധികളെയും അപമാനിക്കുന്നതാണെന്നാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും പറഞ്ഞത്. സന്ദര്‍ശനം നടത്തുന്ന 27 എം.പിമാരില്‍ 22 പേരും തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്.

ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ പാര്‍ട്ടി പ്രതിനിധികളായ ഇവര്‍ പലപ്പോഴും മുസ്ലിം വിരുദ്ധവും കുടിയേറ്റ വിരുദ്ധവുമായ പരാമര്‍ശങ്ങളാല്‍ വിവാദങ്ങളിലകപ്പെട്ടിട്ടുമുണ്ട്.

നാസി അനുകൂല പരാമര്‍ശം നടത്തിയതിന് യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പോളണ്ട് എം.പി റെയ്സാര്‍ദ് സെര്‍നാക്കി അടക്കമുള്ളവരാണ് സംഘത്തിലുള്ളത്.