കുഴല്‍കിണറില്‍ വീണ് മരിച്ച രണ്ടര വയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു
തമിഴ്നാട് : തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് മരിച്ച രണ്ടര വയസുകാരന്‍ സുജിത് വില്‍സന്റെ മൃതദേഹം സംസ്‌കരിച്ചു. ഫാത്തിമ പുതൂര്‍ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഇന്ന് രാവിലെ 8 മണിയോട് കൂടിയായിരുന്നു സംസ്‌കാരം. സുജിതിനെ രക്ഷിക്കാനുള്ള നാല് ദിവസം നീണ്ട ശ്രമം വിഫലമായിരുന്നു.പുലര്‍ച്ചെ 4.45 ഓടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്.
ഏവരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കികൊണ്ടു പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ തിങ്കളാഴ്ച കുട്ടി മരിച്ചതായി കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ കുഴര്‍ കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ അന്തിമഫലം പുറത്ത് വന്നതോട് കൂടിയാണ് സുജിത് വില്‍സന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമമാരംഭിച്ചത് എന്ന് റവന്യൂ സെക്രട്ടറി പറഞ്ഞു.
കുട്ടിയെ പുറത്തെടുക്കാനുള്ള സമാന്തര കുഴല്‍കിണര്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണം സ്ഥലത്തെ ഗ്രാനൈറ്റിന്റെ കാഠിന്യമേറിയ പാറകള്‍ എളുപ്പത്തില്‍ തുരക്കാന്‍ സാധിക്കാതിരുന്നതാണ്.
ആരോഗ്യ നിലയില്‍ ആശങ്ക ഉണ്ടായതിനെ തുടര്‍ന്ന് പുലര്‍ച്ചെ ഡോക്ടര്‍മാരുടെ സംഘമെത്തി സുജിത്തിനെ സാങ്കേതിക മാര്‍ഗത്തിലൂടെ പരിശോധിക്കുകയായിരുന്നു. ഞായറാഴ്ചയോടെ തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം.
പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ മൃതദേഹം വീണ്ടും ആറടിയോളം താഴ്ചയിലേക്ക് വീണിരുന്നു. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഘട്ടം ഘട്ടമായാണ് പുറത്തെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ബ്രിട്ടോയുടേയും കലൈ റാണിയുടേയും ഇളയ മകനായ സുജിത് കുഴല്‍ കിണറില്‍ വീണത്. 600 അടി താഴ്ചയുള്ള കിണറ്റില്‍ ആദ്യഘട്ടത്തില്‍ കുട്ടി 26 അടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ 68 അടി താഴ്ചയിലേക്കും പിന്നീട് 88 അടി താഴ്ചയിലേക്കും കുട്ടി വീണു.
കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കിയിരുന്നെങ്കിലും ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. ദേശീയ ദുരന്ത നിവാരണ സേന, വിവിധ സംസ്ഥാന ഏജന്‍സികള്‍, വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍, ദുരന്ത നിവാരണ സന്നദ്ധ സംഘടനകള്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വവും 5 മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ കുട്ടികള്‍ കുഴല്‍ കിണറില്‍ വീണു അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട് എങ്കിലും ഉപയോഗ ശൂന്യമായി കിടക്കുന്ന ഇത്തരം കിണറുകള്‍ മൂടുവാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് സത്യം.