ഇടതു പക്ഷസര്‍ക്കാറിന്റെ മാവോയിസ്റ്റ് കൊലപാതകള്‍ക്കെതിരെ പി.എ പൗരന്‍
ആരും ചോദ്യം ചെയ്യാനില്ലാത്ത വിധത്തില്‍ സൈനിക മുതലാളിത്വത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജന്‍ കേരളത്തിന്റെ ഭരണം മുന്നോട്ടു കൊണ്ടു പോവുന്നത് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ പി.എ പൗരന്‍ . സര്‍വ്വാധിപതിയെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസിന് നല്‍കിയ അനിയന്ത്രിതമായ അധികാരങ്ങളുടെ പരിണിതഫലമാണ് സംസ്ഥാനത്ത് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത് എന്ന് പൗരന്‍ ആരോപിക്കുന്നു.
പൊലീസിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ കൂടെയുണ്ടെന്ന തോന്നലുകളാണ് പൊലീസിനുളളത്. അതിന്റെ ഭാഗമായിട്ടായിരുന്നു നിലമ്പൂരില്‍ കുപ്പു ദേവരാജിന്റെയും അജിതയുടെയും കൊലപാതകം. എവിടെ നിന്നോ പിടിച്ചു കൊണ്ടുവന്ന ശേഷം ഇവരെ പൊലീസ് വധിക്കുകയായിരുന്നു. തുടര്‍ന്ന് വൈത്തിരിയില്‍ ടി.പി ജലീലിനെ കൊലചെയ്തു. അവസാനം ഇന്നലെ അട്ടപ്പാട്ടിയില്‍ നാലു പേരെ വെടിവെച്ചു കൊന്നു. ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ നടത്താന്‍ പൊലീസിന് സഹായമാകുന്നത് അമിത അധികാരങ്ങളാണ്.
ചൈനയിലും ഉത്തര കൊറിയയിലുമുള്ള ഒരു സ്ഥിതി വിശേഷം കേരളമെന്ന കൊച്ചു സംസ്ഥാനത്ത് നടപ്പിലാക്കാനാണ് പിണറായി വിജയനെ പോലുള്ള നേതാവ് ശ്രമിക്കുന്നത്. ഭരണത്തിലേറിയ ശേഷം ആഭ്യന്തരമുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈയ്യാളുന്നതും ഈ ലക്ഷ്യം വെച്ചുകൊണ്ടാണ്.
പ്രധാന വകുപ്പുകളെല്ലാം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതോടെ ആരോടും ഉത്തരം പറയേണ്ടതില്ല. അതിനാല്‍ തന്നെ ധിക്കാര മനോഭാവത്തോടെയാണ് പിണറായി ഭരിക്കുന്നത്. മാവോയിസ്റ്റ് കൊലപാതകത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും നിശബ്ദനാക്കാന്‍ പിണറായിക്ക് കഴിഞ്ഞു. പൊലീസിന്റെ അധികാരം ഉപയോഗിച്ച് ഏതൊരാളെയും നിലയ്ക്ക് നിര്‍ത്താം എന്നതാണ് ഇത് കാണിക്കുന്നത്.
ഇതിനെല്ലാം പുറമെ സര്‍ക്കാറിനെതിരായി പ്രതിഷേധങ്ങള്‍ വരുമ്പോള്‍ പൊലീസിനെ ഉപയോഗിക്കാനും സര്‍ക്കാറിന് സാധിക്കുന്നു. വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടുകള്‍ ദാരുണമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട സംഭവം കേരളത്തിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സമയത്താണ് അട്ടപ്പാടിയില്‍ മാവോയിസ്റ്റ് വേട്ട നടക്കുന്നത് എന്നത് ഇതിനുദാരണമാണ്.
കേരളത്തിനകത്തും പുറത്തും നിന്ന് വാളയാറിലെ മനുഷ്യത്വ രഹിതമായ ക്രൂരതയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ സര്‍ക്കാറിനെ അലോസരപ്പെടുത്തി. ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരം ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്നത് ക്ഷീണം ചെയ്യുമെന്ന് മനസിലാക്കിയപ്പോഴാണ് ആസൂത്രിതമായ ഏറ്റുമുട്ടല്‍ നടക്കുന്നത്.
കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റോ ടെററിസ്റ്റുകളോ ആവാം. എന്നാല്‍ തണ്ടര്‍ബോള്‍ട്ട് എന്ന വലിയ സംഘം അവരെ ജീവനോടെ പിടിച്ച് കോടതിയില്‍ ഹാജറാക്കുകയാണ് വേണ്ടത്. അതാണ് മൗലീകമായ ഉത്തരവാദിത്വം. നാലു പേരെ കൊലപ്പെടുത്തിയ സ്ഥലത്തെയ്ക്ക് ആരെയും അടുപ്പിക്കാതെ തെളിവുകളെല്ലാം പൊലീസ് നശിപ്പിക്കുകയാണ്. ബന്ധുകളെയോ മാധ്യമപ്രവര്‍ത്തകരെയോ പൊലീസ് അവിടെയ്ക്ക് അടുപ്പിക്കുന്നില്ല.
ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ക്കെതിരെ സുപ്രീം കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പോലും പൊലീസിന് കഴിയുന്നില്ല. 2015 ല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിലവില്‍ ലിബര്‍ട്ടീസ് എന്ന പൗരാവകാശ സംഘടന നല്‍കിയ കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത് ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ 14 നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ്.
ഇതില്‍ പ്രധാനപ്പെട്ടത് ഏറ്റുമുട്ടല്‍ കൊലപാതകമുണ്ടായാല്‍ സംഘത്തിലെ എല്ലാവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ്. സംഘം തലവനെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും പറയുന്നു. സുപ്രീം കോടതി വിധി രാജ്യത്ത് എല്ലായിടത്തും ബാധകമാണ്. കേരളാ പൊലീസും ഇക്കാര്യം നടപ്പിലാക്കുക തന്നെ വേണം.