വാളയാര്‍ കേസ് അട്ടിമറിച്ച തന്തയില്ലാത്തവന്മാരുടെ നാല് തലമുറ അനുഭവിക്കും : പി സി ജോര്‍ജ്ജ്

വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചവര്‍ക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. കേസ് അട്ടിമറിച്ച തന്തയില്ലാത്തവന്മാരുടെ നാല് തലമുറ അനുഭവിക്കും എന്നാണ് പി സി പറയുന്നത്.

കേരളാ പോലീസിന്റെ കഴിവ് കേട് തുറന്നു കാട്ടുന്ന പി സി. കൂടത്തായി സംഭവത്തില്‍ പ്രതിയായ ജോളിയുടെ വീട്ടില്‍ നിന്നും സൈനേഡ് കുപ്പി കണ്ടെടുത്ത പോലീസ് നടപടിയെയും ചോദ്യം ചെയ്യുന്നു. പതിനാറു വര്‍ഷം ആസൂത്രണം ചെയ്ത ഇത്രയും കൊലപാതകം നടത്തിയ ജോളി സൈനേഡ് കുപ്പി സൂക്ഷിച്ചു വെക്കാന്‍ മാത്രം മന്ദബുദ്ധിയാണോ എന്നാണ് പി സി ചോദിക്കുന്നത്. ഈ തെളിവുകളുമായി കോടതിയില്‍ എത്തിയാല്‍ പോലീസ് നല്‍കുന്ന തെളിവുകള്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴും എന്നും പി സി ജോര്‍ജ്ജ് പറയുന്നു.

അതുപോലെ ഏറെ കോളിളക്കം സൃഷ്ട്ടിച്ച മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് വധക്കേസിലും കേരളാ പോലീസ് ഈ രീതിയിലാണ് പെരുമാറിയത് എന്നും പി സി പറയുന്നു. പോള്‍ എം ജോര്‍ജ്ജ് കൊല്ലപ്പെട്ടതിന് പിന്നാലെ ‘എസ്’ ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് കൊലപാതകികള്‍ കുറ്റകൃത്യം നടത്തിയത് എന്ന് അന്നത്തെ സി എം എം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞിരുന്നു. അതിനു പിന്നാലെ പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഉപയോഗിച്ചത് ‘എസ് ‘ ആകൃതിയില്‍ ഉള്ള കത്തിയാണ് എന്ന നിലയില്‍ തൊണ്ടിമുതല്‍ കണ്ടെടുത്തിരുന്നു.

തുടര്‍ന്ന് ആ കേസില്‍ പ്രതി സ്ഥാനം ആരോപിക്കപ്പെട്ടവര്‍ പലരും കോടതിയില്‍ നിന്നും രക്ഷപ്പെട്ടു പോകുന്ന സ്ഥിതി കേരളം കണ്ടതാണ്. കൃത്യം നടത്തുവാന്‍ നിയോഗിക്കപ്പെട്ട വാടക കൊലയാളി മാത്രമാണ് ആ കേസില്‍ ശിക്ഷിക്കപെട്ടത്. കൃത്യം നടത്തുവാനുള്ള കാരണവും അതിനു പിന്നില്‍ ഗൂഡാലോചന നടത്തിയവരും ഇപ്പോഴും പുറത്തു വന്നിട്ടില്ല. പല കേസുകളിലും പോലീസ് ഉണ്ടാക്കി എടുക്കുന്ന കൃത്രിമ തെളിവുകള്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടു പോകുന്ന കാഴ്ചയാണ് കാണിച്ചു തരുന്നത്.

പോലീസിന്റെ തികഞ്ഞ അലംഭാവവും ഭാവിയില്‍ കേസില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടു പോകുവാന്‍ നടത്തുന്ന ഗൂഢാലോചനയുമാണ് ഇതിനു പിന്നില്‍ എന്നും പി സി പറയുന്നു. വാളയാറില്‍ പതിമൂന്നും ഒന്‍പതും പ്രായമുള്ള സഹോദരിമാര്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. പോലീസ് തെളിവുകള്‍ നിരത്താത്തതും കുട്ടികള്‍ ആത്മഹത്യ ചെയ്തതാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇപ്പോള്‍ ഏറെ എതിര്‍പ്പുകള്‍ക്ക് വഴിവെക്കുകയാണ്.