കൊഹ്ലിയ്ക്കും പ്രമുഖ നേതാക്കള്‍ക്കും കോഴിക്കോട് നിന്നും വധഭീഷണി

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ സംഘടനയാണ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയേയും ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും കൊല്ലുമെന്നു ഭീഷണി മുഴക്കിയത്. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഭീഷണി കത്ത് ലഭിച്ചത്. നവംബര്‍ 3 ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 അന്താരാഷ്ട്ര മത്സരത്തില്‍ വെച്ച് കൊലപാതകം നടത്തും എന്നാണു ഭീഷണി.

ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡല്‍ഹി പൊലീസിനോട് എന്‍ഐഎ ആവശ്യപ്പെട്ടു. എന്‍ഐഎ ഭീഷണിക്കത്ത് ബിസിസിഐയ്ക്കും ഡല്‍ഹി പൊലീസിനും കൈമാറിയിട്ടുണ്ട്. കേരളത്തിലെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ലഷ്‌കര്‍ സംഘടനയാണ് കൊഹ്ലിയേയും പ്രമുഖ രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ കോഴിക്കോട് കേന്ദ്രമായി ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി അറിവില്ല.

അതുകൊണ്ട് ഭീഷണി വ്യജമാകാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടെങ്കിലും ഭീഷണിയെ വെറുതെ തള്ളാനൊന്നും എന്‍ഐഎ തയ്യാറല്ല. പഴുതടച്ച സുരക്ഷയാണ് എന്‍ഐഎ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിരാട് കൊഹ്ലിയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ കൂടാതെ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് എന്നിവരുടെ പേരുകളാണുള്ളത്.