തെരുവില്‍ അലയുന്ന കാള ചാണകം ഇടുന്നതും കാത്തു ഒരു കുടുംബം
കാള അകത്താക്കിയ സ്വര്‍ണ്ണം ചാണകത്തിലൂടെ പുറത്തുവരുമെന്നും കാത്ത് കഴിയുകയാണ് ഒരു കുടുംബം. ഹരിയാനയിലെ സിര്‍സയില്‍ ആണ് സംഭവം നടന്നത്.
കാലംവാലി മേഖലയിലെ താമസക്കാരനായ ജനക് രാജ് എന്നയാളുടെ ഭാര്യയുടേയും മരുമകളുടെയും സ്വര്‍ണ്ണമാണ് മാലിന്യകൂമ്പാരത്തില്‍ നിന്നും കാളയുടെ വയറ്റിലേയ്ക്ക് പോയത്. പച്ചക്കറി മുറിച്ചുകൊണ്ടിരുന്നപ്പോള്‍ ജനക് രാജിന്റെ ഭാര്യയും മരുമകളും അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ആ പാത്രത്തില്‍ ഊരിവെക്കുകയും ബാക്കിവന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ കൊണ്ട് പാത്രം നിറഞ്ഞപ്പോള്‍ ആ അവശിഷ്ടങ്ങള്‍ പുറത്തുകളയുകയും ചെയ്തു എന്നാല്‍ അതില്‍ ഊരിവച്ച സ്വര്‍ണ്ണം എടുക്കാന്‍ അവര്‍ മറന്നുപോയി. തുടര്‍ന്നാണ് സ്വര്‍ണ്ണം കാണാതായ വിവരം ഇരുവരും അറിയുന്നത്.
തുടര്‍ന്ന് പച്ചക്കറി അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കാള അത് തിന്നുന്നത് സിസിടിവി ക്യാമറ വഴികണ്ട ജനക് രാജും കുടുംബവും കാളയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയും ഒരു മൃഗഡോക്ടറുടെ സഹായത്തോടെ കാളയെ പിടികൂടി വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് കെട്ടിയിടുകയും ചെയ്തു.
കാളയ്ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ചാണകത്തിലൂടെ സ്വര്‍ണ്ണം പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജനക് രാജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്വര്‍ണ്ണം വിഴുങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ചാണകത്തിലൂടെ അകത്തു പോയ സ്വര്‍ണ്ണം ഒന്നും പുറത്തു വന്നിട്ടില്ല എന്നാണ് വിവരം. ഇനിയും സ്വര്‍ണ്ണം ലഭിച്ചില്ലെങ്കില്‍ കാളയെ ഗോശാലയില്‍ വിടാനാണ് കുടുംബത്തിന്റെ തീരുമാനം.