അട്ടപ്പാടി കൊലപ്പെടുത്തിയത് കീഴടങ്ങാന്‍ തയ്യാറായവരെ ; വെടിയുതിര്‍ത്തത് സ്വയരക്ഷയ്ക്ക് എന്ന് പിണറായി
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍. സംഭവ ദിവസം മാവോയിസ്റ്റ്കളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായിട്ട് ഒന്നും തന്നെ തണ്ടര്‍ ബോള്‍ട്ടിനു നേരെ ഉണ്ടായിട്ടില്ലെന്ന് മുരുകന്‍ പറഞ്ഞു. കീഴടങ്ങാന്‍ തയാറായിരുന്നവരെയാണ് പോലീസ് വെടിവെച്ചു കൊന്നത് എന്നും മുരുകന്‍ പറയുന്നു.
മാവോയിസ്റ്റുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ അവരുടെ പേരില്‍ നടപടികള്‍ സ്വീകരിച്ചുകാണ്ട് നിയമനടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍, പൊലീസും തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്ക് നേരെ നടത്തിയത് നിയമലംഘമാണെന്നും കീഴടങ്ങാനുള്ള സാഹചര്യമൊരുക്കയായിരുന്നു അവര്‍ക്ക് നേരെ സ്വീകരിക്കേണ്ട നടപടിയെന്ന് മുരുകന്‍ പറഞ്ഞു.
എന്നാല്‍ കൊലപാതകം ന്യായീകരിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ വിശദീകരണം നൽകിയത്. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതെന്ന് പിണറായി വിശദീകരണം നല്‍കി.
പെട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഈ ഘട്ടത്തില്‍ സ്വയരക്ഷയ്ക്ക് വേണ്ടി നടത്തിയ വെടിവെപ്പിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇവരുടെ കൈയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ടെന്നും. കേസ് അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും. മാത്രമല്ല കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യാ കൊഞ്ചം അരി താ എന്ന് മാത്രം പറയുന്നവരല്ല മാവോയിസ്റ്റ് . വല്ലാത്ത പരിവേഷം നല്‍കരുത്. മാവോയിസ്റ്റ് ആയത് കൊണ്ട് ആരും കൊല്ലപ്പെടില്ല. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ വന്ന് ഇവിടുത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍, മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായെതിര്‍ത്തു. കൊടിയ കുറ്റവാളികളാണെങ്കില്‍ പോലും വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കാണ് അവകാശമെന്നായിരുന്നു അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ എന്‍ ഷംസുദ്ദീന്‍ ചോദിച്ചു. വെടിവെപ്പിനെ മുഖ്യമന്ത്രി ന്യായീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും അവിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.